തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകനായ ഗുരുദേവന്റെ ദർശനങ്ങളുടെ പഠനത്തിനും പ്രചാരണത്തിനുമായി ശ്രീനാരായണ ഗുരു അന്താരാഷ്ട്ര പഠന കേന്ദ്രം ആരംഭിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നലെ അനുമതി നൽകി.
കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ സെമിനാറുകളും പ്രഭാഷണങ്ങളും പഠന പ്രവർത്തനങ്ങളും വർക്കല, അരുവിപ്പുറം, ചെമ്പഴന്തി, കൊ
ല്ലം, കളവൻകോട്, വാരണപ്പള്ളി എന്നിവിടങ്ങളിൽ സർവകലാശാലാ പഠന വകുപ്പിന്റെയും കോളേജുകളുടെയും സ്‌കൂളുകളുടെയും പങ്കാളിത്തത്തോടെ നടത്തും.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ അപഗ്രഥിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് മാസിക പ്രസിദ്ധീകരിക്കും. പഠന കേന്ദ്രത്തെ സർവകലാശാലയുടെ സ്വതന്ത്ര ഗവേഷണ സ്ഥാപനമാക്കുന്നതിനും 'ശ്രീനാരായണ വിജ്ഞാനീയത്തിൽ' കോഴ്‌സുകൾ നടത്തുന്നതിനും സിൻഡിക്കേറ്റ് അനുമതി നൽകി.
സർവകലാശാലയുടെ പഠന വകുപ്പുകളിൽ വിജ്ഞാപനം ചെയ്ത അദ്ധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തുന്നതിന് നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു.