തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളും വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. ദേവപ്രശ്നത്തിൽ പലതവണ ഇക്കാര്യം വെളിപ്പെട്ടതാണ്. പന്തളം രാജകുടുംബത്തിനും സർക്കാരിനും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസിൽ സന്ദീപാനന്ദ ഗിരി പറഞ്ഞു.
വിശിഷ്ടമായ ആഭരണങ്ങൾ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തുന്നില്ലെന്നും അഷ്ടമംഗല്യ ദേവപ്രശ്നത്തിലാണു കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വർണക്കുതിരയും നഷ്ടമായിട്ടുണ്ട്. നഷ്ടപ്പെട്ടവ കണ്ടെത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ദേവപ്രശ്നത്തിലൂടെയല്ല ഇവ കണ്ടെത്തേണ്ടത്, മറിച്ച് ശരിയായ അന്വേഷണത്തിലൂടെയാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി സർക്കാർ അന്വേഷണം നടത്തണം.
മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപ്പറ്റിയും അഷ്ടമംഗല്യ ദേവപ്രശ്നത്തിൽ പറയുന്നുണ്ട്. മാസത്തിൽ ഒരു തവണയെങ്കിലും പൂജ ചെയ്യാനുള്ള അവകാശം മലയരയ വിഭാഗത്തിന് നൽകണം. അതിനും സർക്കാരിന്റെ ഇടപെടലുണ്ടാവണം. സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമലയുടെ യശസ് ഉയരുകയേ ഉള്ളൂ. തനിക്ക് ആർ.എസ്.എസുമായി ആശയപരമായ ഭിന്നതയാണുള്ളത്. വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും എതിർത്തിട്ടില്ല. എന്നാൽ മറ്റു സന്യാസിമാരെപ്പോലെ സംഘപരിവാറിനുവേണ്ടി സംസാരിക്കാത്തതാവും അവരുടെ വൈരാഗ്യത്തിനു കാരണം. കമ്യൂണിസം സംസാരിക്കാൻ പാർട്ടിക്കു തന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ല.
കുണ്ടമൺകടവിലെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആർ.എസ്.എസിനാണെന്ന് ആവർത്തിച്ച സന്ദീപാനന്ദ ഗിരി മീ ടൂ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ആരോപണം ആർക്കെതിരെ വേണമെങ്കിലും വരാമെന്നും തന്റെ കാര്യത്തിൽ അതിൽ വാസ്തവമില്ലെന്നും പറഞ്ഞു. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി മോഹൻ സ്വാഗതം പറഞ്ഞു.