പാറശാല: നാളെ നടക്കുന്ന ആറയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന് സംരക്ഷണം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം . പത്തുവർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടേക്കാമെന്ന പരാതിയിലാണ് കോടതിയുടെ നിർദ്ദേശം.
ബാങ്ക് നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖകൾ പോളിംഗ്സ്റ്റേഷനിൽ സൂക്ഷിക്കണമെന്നും സംശയമുന്നയിച്ചാൽ ഇതുമായി ഒത്തുനോക്കി മാത്രമേ വോട്ടു ചെയ്യുവാൻ അനുവദിക്കാവൂ. തിരഞ്ഞെടുപ്പു നടപടി ക്രമങ്ങൾ പൂർണമായും വീഡിയോയിൽ പകർത്താനും കോടതി അനുമതി നൽകി. വ്യാജ കാർഡുകൾ നൽകി ഭരണം അട്ടിമറിക്കാൻ ഭരണത്തിന്റെ തണലിൽ ചിലർ ശ്രമിക്കുന്നതായും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് വിൻസെന്റ് പോലീസ് അധികാരികൾക്ക് പരാതി നൽകി. സഹകരണ ബാങ്കിലെ 11 അംഗ ഭരണസമിതി തിരഞ്ഞെടുപ്പിൽ 28 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന 11 അംഗങ്ങൾക്കും, എൽ.ഡി.എഫ് നേതൃത്വം നൽകുന്ന 11 അംഗങ്ങൾക്കും പുറമേ കോൺഗ്രസിലെ വിമതരായ 2 പേരും, എൽ.ഡി.എഫ് വിമതരായ 4 അംഗങ്ങളും മത്സരിക്കുന്നുണ്ട്. സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തിരുന്നതാണ് ഭരണം.