തിരുവനന്തപുരം: മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക്സ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഫാക്ടറി അധികൃതർക്ക് നോട്ടീസ് നൽകി. ഫാക്ടറിയുടെ അനുമതി റദ്ദാക്കാതിരിക്കാനായി കാരണം കാണിക്കൽ നോട്ടീസാണ് നൽകിയിരിക്കുന്നത്. കത്തുന്ന സാധനസാമഗ്രികൾ വൻ തോതിൽ സൂക്ഷിച്ചിരുന്നതിനും സുരക്ഷാ വീഴ്ച വരുത്തിയതിനുമാണ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാമത്തെ തീപിടിത്തമാണ് ഫാമിലി പ്ലാസ്റ്റിക്സിൽ ഉണ്ടായത്. നേരത്തേയുണ്ടായ തീപിടിത്തം അറിയിക്കാതിരുന്നത് വലിയ പാളിച്ചയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി. പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കാനാവശ്യമായ സ്ഫോടന ശേഷിയുള്ള പെട്രോളിയം ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ തീപിടിത്തമുണ്ടായാൽ തടയാനുള്ള എന്തൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നെന്നും അതിന്റെ പൂർണ വിവരങ്ങളും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫാമിലി പ്ലാസ്റ്റിക്സ് കമ്പനിയിലെ തീപിടിത്തം ഒരു രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമായത്. 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഫാമിലി പ്ലാസ്റ്റിക്സ് ഉടമ സിൻസൺ ഫെർണാണ്ടസ് പറഞ്ഞത്.