oli-aman-jodha
OLI AMAN JODHA

തിരുവനന്തപുരം: അദ്ധ്യാപകരുടെ പീഡനത്തെ തുടർന്ന് സ്‌കൂളിൽ പോകാൻ കഴിയാത്ത ഒലി അമൻ ജോധയെ സഹായിക്കാൻ ഡി.പി.ഐയും വിദ്യാഭ്യാസ വകുപ്പും രംഗത്ത്. ഒലിയുടെ ജീവിതം നരകമാക്കിയ വയനാട് അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർക്കെതിരെ ഡി.പി.ഐ അന്വേഷിക്കും. വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് സ്‌കൂൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുമെന്നും തൃപ്തികരമല്ലാതെ വന്നാൽ ഡി.പി.ഐ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ട് ഒലി അമൻ ജോധയ്‌ക്ക് പഠിക്കാൻ ആവശ്യമായ സാഹചര്യമൊരുക്കി കൊടുക്കുമെന്നും എ.ഡി.പി.ഐ ജസ്റ്റി ജോസഫ് പറഞ്ഞു. കേരളകൗമുദിയിൽ 'ഒലിയുടെ തേൻ ജീവിതം നരകമാക്കി അദ്ധ്യാപകർ' എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റി ജോസഫ്. വേറെ സ്‌കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകുന്നതടക്കം ഒലി അമൻ ജോധ ആവശ്യപ്പെടുന്ന എന്ത് സഹായവും ചെയ്തു കൊടുക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും അറിയിച്ചു.

ഒലിയും സഹപാഠികളും ചേർന്ന് സ്കൂളിൽ സ്ഥാപിച്ച തേനീച്ചക്കൂടുകൾ നശിപ്പിച്ചതിനെതിരെ പരാതി കൊടുക്കുകയും അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാവുകയും ചെയ്‌തതിനെത്തുടർന്നാണ് അദ്ധ്യാപകർ തന്നെ പീഡിപ്പിക്കുന്നതെന്നാണ് ഒലി പറയുന്നത്. സംഭവത്തിൽ നാല് അദ്ധ്യാപകരെ സ്ഥലം മാറ്റി. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി വന്ന അദ്ധ്യാപകർക്ക് പക കൂടി. ഇതോടെ ഒരു വർഷമായി ഒലിക്ക് സ്‌കൂളിൽ പോകാൻ പറ്റാതെയായിരിക്കുകയാണ്. തേനീച്ച പരിപാലനത്തിൽ തേൻമിത്രയടക്കം ഒട്ടേറെ ദേശീയ - സംസ്ഥാന അവാർഡുകൾക്ക് അർഹയായ മിടുക്കിയാണ് ഒലി.