pamba-after-flood

തിരുവനന്തപുരം:മണ്ഡലമകരവിളക്കിന് മുന്നോടിയായുള്ള ശബരിമലയിലെ നിർമ്മാണജോലികൾ നവംബർ 10 മുമ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും നിർദ്ദേശിച്ചു.

നിർമ്മാണജോലികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്.നിലയ്ക്കലിലെ ബേസ് ക്യാമ്പിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം.വാഹനങ്ങളുടെ പാർക്കിംഗും കുടിവെള്ള വിതരണവും താമസസൗകര്യവും കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുമേധാവികൾ മേൽനോട്ടം വഹിക്കണം.എരുമേലി, ഏറ്റുമാനൂർ,ചെങ്ങന്നൂർ, പമ്പ തുടങ്ങിയ ഇടത്താവളങ്ങളിൽ അധികസൗകകര്യം ഉറപ്പാക്കണം.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ,ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ്, കമ്മീഷണർ എൻ.വാസു,ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി ലോക് നാഥ് ബഹ്റ,ഇറിഗേഷൻ, പൊതുമരാമത്ത്, വനം , ഗതാഗതം തുടങ്ങി വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു.

#ഹൈപവർ കമ്മിറ്റി

പുതിയ ശബരിമല മാസ്റ്രർ പ്ളാനിന്റെ അടിസ്ഥാനത്തിൽ ഇതേവരെ നടന്ന നിർമ്മാണജോലികൾ മാസ്കറ്റ് ഹോട്ടലിൽ ചേർന്ന ഹൈപവർ കമ്മിറ്റി വിലയിരുത്തി.പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.ചെയർമാൻ ജസ്റ്റിസ് സിരിഗജൻ, ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണർ എൻ.വാസു എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

പരിസ്ഥിതിയെ ബാധിക്കുന്ന

നിർമ്മാണം വേണ്ട

പരിസ്ഥിതിയെ ബാധിക്കുന്ന യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ശബരിമലയിലും പമ്പയിലും നടത്താൻ പാടില്ലെന്ന് ടി.കെ.എ.നായർ ചെയർമാനായുള്ള ഉപദേശക സമിതിയോഗം തീരുമാനിച്ചു. അഞ്ചു വർഷത്തേക്ക് നടത്താനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതിയുമാണ് വിലയിരുത്തിയത്.ബോർഡ് ഭാരവാഹികൾക്ക് പുറമെ മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തു.