തിരുവനന്തപുരം: സാലറി ചലഞ്ചിലെ സമ്മതപത്രവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളെ തുടർന്ന് ശമ്പള വിതരണം മുടങ്ങിയത് പരിഹരിക്കാൻ സർക്കാർ കൊണ്ടുപിടിച്ച ശ്രമം തുടങ്ങി. ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാത്രി 9 വരെ ട്രഷറികൾ പ്രവർത്തിച്ചു. കിട്ടുന്ന ബില്ലെല്ലാം പാസാക്കി വിടാനും ശമ്പള വിതരണം തീരുന്നത് വരെ ആവശ്യമുള്ള ട്രഷറികളിൽ ഒാവർ ടൈം സംവിധാനം തുടരാനും മന്ത്രി നിർദ്ദേശിച്ചു. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിലുണ്ടാകുന്ന തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്കുകളും തുറന്നു.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടർന്ന് ആദ്യമിറക്കിയ ഉത്തരവ് തിരുത്തിയുള്ള സർക്കുലറും അതിന് പിന്നാലെ സമ്മതപത്രത്തിലെ നൂലാമാലകൾ പരിഹരിച്ച് സാലറി ഡ്രോയിംഗ് ഓഫീസർമാർ സ്റ്റേറ്റ്മെന്റ് നൽകണമെന്ന നിർദ്ദേശവുമാണ് ശമ്പള

വിതരണത്തെ ബാധിച്ചത്. തലേമാസം 25 മുതൽ ശമ്പള ബില്ലുകൾ സാധാരണ അയച്ചുതുടങ്ങും. ഒാരോ മാസവും ഒന്ന് മുതൽ 7 വരെയാണ് ശമ്പളവിതരണം നടക്കുക.

വിസമ്മത പത്രത്തിനെതിരെ സുപ്രീംകോടതി വിധി വന്നതോടെ വ്യക്തമായ സമ്മതപത്രമില്ലാതെ സാലറി ചലഞ്ചിൽ ഗഡു പിടിക്കുന്നത് റദ്ദാക്കാൻ സർക്കാർ ഡി.ഡിമാർക്ക് കർശന നിർദ്ദേശം നൽകി. ഇതോടെ നേരത്തേ അയച്ച ബില്ലുകൾ റദ്ദാക്കേണ്ടി വന്നു. പരിഷ്കരിച്ച ബില്ലുകൾ ഇന്നലെ കൂട്ടത്തോടെ അയച്ചതോടെ സ്പാർക്ക് സ്തംഭിപ്പിച്ചു. റദ്ദാക്കിയ ബില്ലുകൾ വീണ്ടും അയക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക കുരുക്ക് മറികടക്കാൻ സ്പാർക്കിൽ സംവിധാനം ഏർപ്പെടുത്തിയതുമില്ല. ഇതുമൂലം ബില്ലുകൾ അപ്‌ലോഡ് ചെയ്യാനും പ്രയാസമുണ്ടാക്കി.

2 ലക്ഷത്തോളം പേർക്ക്

ശമ്പളം നൽകിയെന്ന്

ശമ്പള വിതരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 11000 ബില്ലുകൾ പാസാക്കിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മൊത്തം 4.88 ലക്ഷം ജീവനക്കാരിൽ 2 ലക്ഷത്തോളം പേർക്ക് ശമ്പളം നൽകി. എന്നാൽ പലയിടത്തും ശമ്പളം അക്കൗണ്ടിലെത്തിയില്ലെന്ന് പരാതിയുണ്ട്. ഇന്നാണ് വിദ്യാഭ്യാസ മേഖലയിലെ ശമ്പള ബില്ലുകളെത്തുന്നത്. രണ്ടു ലക്ഷത്തിനടുത്ത് അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർക്കാണ് ശമ്പളം നൽകേണ്ടത്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കും. പത്തു ലക്ഷത്തിന് മേൽ മൂല്യമുള്ള ബില്ലുകൾ പാസാക്കി വിടുന്നത് നിയന്ത്രിക്കാനും ധനവകുപ്പ് നിർദ്ദേശിച്ചു.