മേം കർത്താവായി വരുമ്പോൾ ഹും എന്ന് ചേർക്കണമെന്നും തൂം കർത്താവായി വരുമ്പോൾ ഹോ എന്ന് ചേർക്കണമെന്നും അറിയാത്തയാളല്ല നമ്മുടെ മുരളീധർജി. യെഹ് ക്യാ ഹെ എന്ന് ചോദിച്ചാൽ വഹ് കലം ഹെ എന്ന് പറയണമെന്ന് താമരമൊട്ടായിരുന്ന സുരേന്ദ്രൻജിയെ അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ചത് പോലും മുരളീധർജിയാണെന്നാണ് പറയുന്നത്. അങ്ങനെയുള്ള മുരളീധർജിയെ വല്ലാതെ തെറ്റിദ്ധരിച്ച് പോയെങ്കിൽ അത് കണ്ണന്താനം മന്ത്രിയുടെ മാത്രം കുഴപ്പമാണ്.
ഈ ഭൂഗോളത്തിന്റെ സ്പന്ദനം മൊത്തം തന്റെ ഹിന്ദിയിലാണെന്ന് തെറ്റിദ്ധരിച്ച് നടക്കുന്നയാളൊന്നുമല്ല മുരളീധർജി. പക്ഷേ കണ്ണന്താനം മന്ത്രിയുടെ കാഴ്ചപ്പാടിൽ ഭൂഗോളം മാത്രമല്ല, പാതാളത്തിൽ പോലും എന്തെങ്കിലും സ്പന്ദിക്കുന്നത് തന്റെ ഹിന്ദി കൊണ്ടാണ് താനും. പ്രാഥമികും മധ്യമികും മാത്രം പഠിച്ച് മുറിഹിന്ദിയും കൊണ്ട് നടക്കുന്നയാളാണ് കണ്ണന്താനം മന്ത്രിയെന്ന് അറിയുന്നത് കൊണ്ടാണ് മുരളീധർജി അതിന് ആള് വില പുല്ലുവില കല്പിക്കുന്നത്. പ്രാഥമികും മധ്യമികും രാഷ്ട്രഭാഷയും പ്രവേശികയും വിശാരദും പ്രവീണും ഒറ്റശ്വാസത്തിൽ പാസ്സായി ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയെ പോലും കിടുകിടാ വിറപ്പിച്ചു കളഞ്ഞ മുരളീധർജിയെ മനസ്സിലാക്കാൻ കണ്ണന്താനം മന്ത്രിക്കെന്നല്ല, ശ്രീധരൻപിള്ളേച്ചന് പോലും സാധിക്കില്ല. പിള്ളേച്ചൻ അല്ലെങ്കിലും പ്രവേശിക കടക്കാൻ പെട്ട പാട് ചില്ലറയായിരുന്നില്ല. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭക്കാർ അന്ന് കുറേ വെള്ളം കുടിച്ചതാണ്.
പാവം മുരളീധർജിയെ മനസ്സിലാക്കാൻ കെല്പുള്ള തടി ഗുജറാത്തിൽ നിന്നുള്ള അമിത് ഷാജി മാത്രമായിപ്പോയത് അതുകൊണ്ടാണ്. മേം കർത്താവാകുമ്പോൾ ഹും എന്ന് ചേർക്കുന്നത് പോലെയാണ് പിണറായി സഖാവ് കർത്താവായി വരുമ്പോൾ വലിച്ചുതാഴെയിടും എന്ന് ചേർക്കുന്നതും. ഈ ഗുട്ടൻസ് അമിത് ഷാജിയുടെ ഹിന്ദിക്ക് മാത്രം വശമുള്ളതാണ്. അത് വിശാരദും പ്രവീണും ഒറ്റശ്വാസത്തിൽ പാസായ മുരളീധർജിക്ക് അറിയാം. കണ്ണന്താനം മന്ത്രിക്ക് അറിയില്ല. അതറിയാൻ ഭരണഘടനയുടെ 356ാം വകുപ്പൊന്നും പഠിക്കേണ്ടതുമില്ല.
കണ്ണന്താനം മന്ത്രിക്ക് അല്ലെങ്കിലും ഇതൊക്കെ മനസ്സിലാക്കാൻ എവിടെയാണ് നേരം! മുറിഹിന്ദി കൈവശമുണ്ടെങ്കിലും പെട്രോളിനും ഡീസലിനും ഓരോ സെക്കൻഡ് വച്ച് കൂടുന്ന വിലയുടെ കണക്ക് കൂട്ടിനോക്കി, ആ പണമെല്ലാമൊപ്പിച്ച് നാല് കക്കൂസ് പണിയാൻ കണ്ണന്താനം മന്ത്രിക്കുള്ള തത്രപ്പാട് മുരളീധർജിക്കെന്നല്ല, സുരേന്ദ്രൻജിക്ക് പോലും മനസ്സിലാവില്ല. അതുകൊണ്ട് അമിത് ഷാജിയുടെ ഹിന്ദിഗ്രാമർ കണ്ണന്താനം മന്ത്രി തിരിച്ചറിയാതെ പോയി. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് പിണറായി സഖാവ് കർത്താവായി വന്നപ്പോൾ വലിച്ചുതാഴെയിടുമെന്ന് കൂട്ടിച്ചേർക്കാൻ മുരളീധർജിക്ക് സാധിച്ചത്. അല്ലാതെ തർജ്ജമയിൽ സംഭവിച്ചുപോയ പിഴവല്ല. കണ്ണന്താനം മന്ത്രി അത് മനസ്സിലാക്കണം.
അമിത് ഷാജി പറഞ്ഞാൽ പറഞ്ഞതാണ്. അത് നല്ല ഒന്നാന്തരം ഗുജറാത്തി തേക്കാണ്. അതൊരു ഒന്നൊന്നര തടിയാണ്. ആ തടിയൊന്ന് തട്ടിയാൽ തന്നത്താനേ കമിഴ്ന്ന് മറിഞ്ഞ് വീണോളും. വലിച്ച് താഴെയിടേണ്ട ആവശ്യമൊന്നുമില്ല. ഇത് മനസ്സിലാകാത്ത ഒരേയൊരാൾ പിണറായി സഖാവാണ്. ഭരണഘടനയ്ക്കൊരു 356ാം വകുപ്പുണ്ടെന്ന് 1959ൽ ഇന്ദിരാജി മുഖേന പണ്ഡിറ്റ്ജി കാണിച്ചുകൊടുത്തതിൽ പിന്നെയാണ് തടികളെ സൂക്ഷ്മമായി അളന്ന് നോക്കുന്ന ശീലം സഖാവ് തുടങ്ങിയതെന്ന് പറയുന്നുണ്ട്.
തടി നല്ല മൂത്ത തടി തന്നെയാണെന്ന് മുരളീധർജിക്കറിയാം. അതുകൊണ്ട് ആ തടി പിണറായിസർക്കാരിനെ വലിച്ചുതാഴെയിടാൻ തക്ക പരുവത്തിലുള്ളതാണെന്ന് അമിത് ഷാജി പറഞ്ഞപ്പോൾ മുരളീധർജി നിസ്സംശയം അതേറ്റുപറഞ്ഞു. ശ്രീധരൻ പിള്ളേച്ചന് ആ തടിയിൽ നേരിയ സംശയമുണ്ടായോ എന്ന് തോന്നാതില്ല. അത് പിണറായി സഖാവ് തടിയുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ ശേഷമുണ്ടായ സംശയമാണെന്നാണ് പറയുന്നത്.
പിണറായി സഖാവ് ഏത് തടിയെയും ഞൊട്ടി നോക്കി ഗുണം തിരിച്ചറിയുന്ന വല്ലഭനാണ്. കാലാകാലങ്ങളായി ശീലിച്ചെടുത്ത കഴിവാണത്. അതുകൊണ്ട് ഇളമരത്തെയും നല്ല മൂത്ത കാതലുള്ള തടിയെയും ക്ഷണികമാത്രയിൽ ബോധിച്ചറിയാം.
അങ്ങനെയാണ് വലിച്ചുതാഴെയിടാൻ പാകത്തിലുള്ളതല്ല ഗുജറാത്തിലുണ്ടായ അമിത് ഷാജിത്തടിയെന്ന് പിണറായി സഖാവ് അറുത്തുമുറിച്ച് പറഞ്ഞത്. ആ തടി മൂത്തിട്ടില്ല. കാതലുള്ള തടിയല്ല. ഇളമരമാണ്. ഉള്ള് മൊത്തം വെള്ള. വലിച്ചുതാഴെയിടാൻ ഈ തടി പോരേപോരാ! അതുകൊണ്ടാണ് മുരളീധർജി തൊട്ട് ശ്രീധരൻപിള്ളേച്ചൻ വരെയുള്ളവരെ പിണറായി സഖാവ് അക്കാര്യം ഓർമ്മിപ്പിച്ചത്.
അതൊരു തെറ്റിദ്ധാരണ മാത്രമായിരിക്കുമെന്ന് 56 ഇഞ്ച് നെഞ്ചളവുള്ള തടികൾ കണ്ട് ശീലിച്ച മുരളീധർജി- ശ്രീധരൻപിള്ളാജി- സുരേന്ദ്രൻജി- ശോഭാജിയാദികൾ പറയുന്നുണ്ട്. കണ്ടാലറിയാത്തവർക്ക് കൊള്ളുമ്പോളറിയുമായിരിക്കും എന്നേ ഇപ്പോൾ കരുതാനാവൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com