ഒരു സന്ദർശകൻ. പരിചയമുള്ളയാൾ. എന്റെ ആരോഗ്യകാര്യങ്ങൾ അന്വേഷിച്ചു. ഒരു പ്രകൃതിചികിത്സയെടുക്കാനായി പോവുകയാണെന്നു പറഞ്ഞു. അപ്പോഴാണ് സ്വന്തം നാട്ടിൽ കേന്ദ്ര സർക്കാർ തുടങ്ങിയ പ്രകൃതിചികിത്സാലയത്തിന്റെ കഥ അദ്ദേഹം പറഞ്ഞത്. അവിടെ യോഗ ചികിത്സയും നടക്കുന്നുണ്ട്. പഞ്ചായത്തിനുള്ളിൽ നിന്നു മാത്രമല്ല, വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടെ ചികിത്സയ്ക്കായി ആളുകൾ വരുന്നുമുണ്ട്.
പ്രകൃതിചികിത്സ പ്രചരിപ്പിക്കുന്നതിൽ വളരെ തത്പരയായ ഒരു ഡോക്ടറുടെയും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായാണ് കേന്ദ്രസർക്കാരിന്റെ ആയുഷ്മന്ത്രാലയത്തിന്റെ കീഴിൽ ഈ ചികിത്സാകേന്ദ്രം തുടങ്ങിയത്. വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാടക പഞ്ചായത്ത് കൊടുത്തുകൊള്ളുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ രാഷ്ട്രീയ തിരിമറികളാൽ പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി. പുതിയ പ്രസിഡന്റ് വന്നു. അദ്ദേഹവും കൂട്ടരും കൂടി തീരുമാനിച്ചു, ചികിത്സാകേന്ദ്രത്തിന്റെ വാടക പഞ്ചായത്ത് കൊടുക്കുകയില്ല എന്ന്. കാരണം മറ്റൊന്നുമല്ല, പ
ഴയ പ്രസിഡന്റിനോടുള്ള വിദ്വേഷം മാത്രം.
ആശുപത്രി തുടർന്നു നടത്തിക്കൊണ്ടു പോകാനായി ഡോക്ടറും മറ്റു ജീവനക്കാരും സ്വന്തം ശമ്പളത്തിൽ നിന്ന് ഓരോ വിഹിതം മാറ്റിവച്ചും, രോഗികളിൽ നിന്നുതന്നെ വാടകപ്പിരിവു നടത്തിയുമാണ് ഇപ്പോൾ ചികിത്സാകേന്ദ്രം മുന്നോട്ടുകൊണ്ടുപോകുന്നത്.
പഞ്ചായത്ത് ജനനന്മയ്ക്കുവേണ്ടിയുള്ളതാണ്. അതു ഭരിക്കുന്നത് രാഷ്ട്രീയക്കാരും. രാഷ്ട്രീയ വിദ്വേഷത്തിന്റെയും ഒരേ പാർട്ടിയിൽ പെട്ടവർ തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പേരിൽ ജനനന്മയെ ഹനിക്കാൻ പാടുണ്ടോ? രാഷ്ട്രീയത്തിനും വേണ്ടേ മനുഷ്യത്വമുഖം? ഭരണസമിതിയിൽ പെട്ടവർ ജനപ്രതിനിധികളല്ലേ? ജനങ്ങളെ ദ്റോഹിക്കുന്ന തരം തീരുമാനങ്ങളെടുക്കുന്ന ഭരണക്കാർക്കു അധികാരസ്ഥാനം നല്കാതിരിക്കാനുള്ള അധികാരം ജനങ്ങൾക്കുണ്ടല്ലോ? അവർ ആ അധികാരം പ്രയോഗിക്കേണ്ടതല്ലേ? അതല്ലേ ജനാധിപത്യഭരണത്തിന്റെ കാതലായ അംശം?
രാഷ്ട്രീയത്തിനു മനുഷ്യത്വമില്ലാതായിത്തീരുന്നത് ഇതുപോലെ എത്രയോ രംഗങ്ങളിൽ നാം കാണുന്നു. ഇതെല്ലാം കണ്ടു മടുക്കുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പു വരുമ്പോൾ വോട്ട് ചെയ്യുന്നവരുടെ ശതമാനത്തിൽ കുറവു വരുന്നത്. അധികാരത്തിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാർ ഇതെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? മനുഷ്യത്വത്തിന് രാഷ്ട്രീയം ഒരലങ്കാരമായിരിക്കട്ടെ! അപ്പോഴാണ് രാഷ്ട്രീയം ഉത്തമമാകുന്നത്. മനുഷ്യനു വേണ്ടിയുള്ളതാണല്ലോ രാഷ്ട്രീയം.