smalll-scale-industry

തിരുവനന്തപുരം: ആവശ്യത്തി​ന് പണമി​ല്ലെന്ന ചെറുകി​ട കമ്പനി​കളുടെ പ്രശ്നത്തി​ന് പരി​ഹാരമാകും. അതി​ലൂടെ പുത്തൻ ഉണർവി​ന് സൂക്ഷ്‌മ,ചെറുകിട, ഇടത്തരം സംരഭകർക്ക് വഴി​യൊരുങ്ങും. 59 മിനിട്ടിൽ ഒരു കോടി രൂപ വരെ വായ്‌പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി വരുന്നതോ‌ടെ മേഖലയി​ലെ പ്രതിസന്ധിക്ക് വിരാമമാകുമെന്ന് ഈ രംഗത്തെ വിദഗ് ദ്ധർ.

ചെറുകിട മേഖലയിലെ കമ്പനികൾക്ക് പ്രവർത്തന മൂലധനത്തിൽ വൻ വർദ്ധനയാണ് പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകാൻ പോകുന്നത്. എം.എസ്.ഇ സെക്ടറിലെ സ്ഥാപനങ്ങളുടെ പേയ്‌മെന്റ് കാര്യത്തിൽ വൻകിട കമ്പനികൾ പലപ്പോഴും മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവർ ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമെങ്കിലും യഥാസമയം തുക നൽകാൻ തയ്യാറാകാറില്ല. ഇത് ചെറുകിട കമ്പനികളെ പലപ്പോഴും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടാറുണ്ട്. വൻകിട വിപണിയിൽ എം.എസ്.ഇ.എം യൂണിറ്റുകൾക്ക് കാര്യമായ പങ്ക് ഇല്ലാത്തതിനാൽ തന്നെ അത്തരം കമ്പനികളെ പാടെ തിരസ്‌കരിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. വൻകിട കമ്പനികൾ തുക നൽകാത്തതിനെ തുടർന്ന് എം.എസ്.ഇ.എമ്മുകൾക്കുണ്ടാകുന്ന പ്രതിസന്ധി വായ്‌പ ലഭിക്കുന്നതിലൂടെ മറികടക്കാനാകും

ഇൻസ്പെക്ഷന് ഇനി​ നി​യന്ത്രണം
ഫാക്ടറി പരി​ശോധനാ രീതിയിൽ മാറ്റം വരുത്തിയതും ഗുണകരമായ കാര്യമാണ്. നിലവിൽ എപ്പോൾ വേണമെങ്കിലും എം.എസ്.ഇ.എമ്മുകളിൽ ഇൻ‌സ്‌പെക്ഷൻ നടത്താവുന്ന സ്ഥിതിയാണുള്ളത്. ഇനി മുതൽ അതുണ്ടാകില്ല. പരിശോധനയുടെ പേരിൽ ചെറുകിടക്കാരെ പീഡിപ്പിക്കുന്നതിനും അന്ത്യമാകും. കംപ്യൂട്ടർ സെലക്ട് ചെയ്യുന്ന സ്ഥാപനത്തിൽ മാത്രമെ ഉദ്യോഗസ്ഥന് പരിശോധന നടത്താനാകൂ. മാത്രമല്ല,​ ഫാക്ടറിയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പിനോടും കാരണവും ബോധിപ്പിക്കേണ്ടി വരും. നേരിട്ട് പരിശോധന വേണ്ടി വന്നാൽ 48 മണിക്കൂറിനകം പരിശോധനാ റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും ചെറുകിട കമ്പനികൾക്ക് ആശ്വാസകരമാണ്. അനാവശ്യ നിയമപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് കമ്പനികാര്യ നിയമപരിഷ്‌കാരങ്ങൾ സഹായകമാകും.

അനൗദ്യോഗിക മേഖലയിലാണ് ധാരാളം ചെറുകിട വ്യവസായങ്ങളുള്ളത്. നിർമാണമേഖലയിൽ നിരവധി രജി​സ്ട്രേഷനി​ല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഇത്തരം സഹായപദ്ധതികളെ കുറിച്ച് ഈ സ്ഥാപനങ്ങൾക്കൊന്നും അറിവുമില്ല. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ തുടങ്ങുന്ന സാഹചര്യം ഉണ്ടാകും.

പദ്ധതിയിൽ 72,​000 പേർ
ഇപ്പോൾ 72,​680 ചെറുകിട സംരംഭകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൃത്യമായി വായ്‌പ തിരിച്ചടയ്ക്കുന്നവരുടെ പുതിയ വായ്‌പയ്ക്കും അധിക വായ്‌പയ്ക്കും അഞ്ച് ശതമാനം പലിശയിളവ് ലഭിക്കും. നിലവിൽ ഇത് മൂന്ന് ശതമാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ക്രയവിക്രയത്തിന്റെ 25% ചെറുകിട, ഇടത്തരം മേഖലയുമായും മൂന്ന് ശതമാനം വനിതാ സംരംഭകരുമായും നടത്തണമെന്ന് വ്യവസ്ഥയുണ്ട്.