തിരുവനന്തപുരം: കമാൻഡോകൾ, ദ്രുതകർമ്മ സേന, റിസർവ് ബറ്റാലിയൻ, ദുരന്തനിവാരണ സേന...മുമ്പെങ്ങുമില്ലാത്ത വിധം ജാഗ്രതയിലാണ് ശബരിമലയിൽ പൊലീസ്.
തുലാമാസ പൂജാവേളയിലെ പോരായ്‌മകൾ പരിഹരിച്ച്, ഡി.ജി.പി നേരിട്ടൊരുക്കിയ സുരക്ഷാ ക്രമീകരണം. മണ്ഡലകാലത്തിനു മുന്നോടിയായുള്ള ട്രയൽ റണ്ണാണ് ഇനി മൂന്നു നാൾ. ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കുമ്പോൾ തുലമാസ പൂജ സമയത്തേക്കാൾ കനത്ത പൊലീസ് സന്നാഹമാണ് ശബരിമലയിൽ.നാളെ രാവിലെ എട്ടിനു ശേഷമേ ഭക്തരെയും മാദ്ധ്യമങ്ങളെയും കടത്തി വിടൂ. പൊലീസ് വിന്യാസവും നിലയ്‌ക്കലിലെ ഒരുക്കങ്ങളും റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ കടത്തിവിട്ടില്ല. നിലയക്കലിലെ പ്രധാന കവാടത്തിനു മുന്നിലെ റോഡിലും പൊലീസ് ബാരിക്കേഡ് വച്ച് വാഹനങ്ങൾ തടയുന്നുണ്ട്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമേ മലയിലേക്ക് യാത്രാവിലക്കുമുണ്ട്. തിരിച്ചറിയൽ രേഖയില്ലാത്ത ആർക്കും പമ്പ, നിലയ്‌ക്കൽ ചെക്ക്പോസ്റ്റുകൾ കടക്കാനാവില്ല. യുവതീ പ്രവേശനത്തെ എതിർക്കുന്നവർ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്.
മല ചവിട്ടാനെത്തുന്നവർ നിലയ്‌ക്കൽ മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക്പോസ്റ്റുകളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്‌ണൻ, അനിൽകാന്ത് എന്നിവരുടെ നേതൃത്വത്തിൽ 2,300 പൊലീസുകാരെ ഇന്നുച്ചയോടെ വിന്യസിക്കും. നൂറിലേറെ വനിതാ പൊലീസുമുണ്ട്. 500 പേരെ കരുതലായി നിലയ്‌ക്കലിൽ സൂക്ഷിക്കും.
പമ്പ മുതൽ സന്നിധാനം വരെ കാനനപാത പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കമാൻഡോകളടക്കം സായുധ സംഘം ഇവർക്കൊപ്പമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതൽ അവിടെ ക്യാമ്പ് ചെയ്യും. മുഖം തിരിച്ചറിയാൻ കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളികൾ
ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് പ്രതിഷേധിക്കുന്നവർക്കെതിരെ ബലപ്രയോഗം അസാദ്ധ്യം
പരമ്പരാഗത കാനനപാതയിൽ പൊലീസ് നടപടിയുണ്ടായാൽ കടുത്ത അത്യാഹിതമുണ്ടാകാം
വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തേണ്ടിവരും
ദുഷ്ടലാക്കോടെ എത്തുന്ന യുവതികളുടെ ഉദ്ദേശ്യം അറിയണം. കുഴപ്പമുണ്ടാക്കാനല്ല വരവെന്ന് ഉറപ്പാക്കണം
''പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. യുവതികൾ വന്നാൽ പൂർണ സുരക്ഷ നൽകും''.
- ലോക്‌നാഥ് ബെഹ്റ, പൊലീസ് മേധാവി
ശബരിമല നട നാളെ തുറക്കും
ശബരിമല : സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരും പ്രതിരോധിക്കാൻ സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതിനിടെ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് ശ്രീകോവിലിൽ വിളക്ക് തെളിക്കും. മറ്റു പൂജകൾ ഉണ്ടാകില്ല. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ 5ന് നിർമ്മാല്യവും അഭിഷേകവും നടക്കും. അത്താഴ പൂജയ്ക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡല പൂജയ്ക്കായി നവംബർ 16 ന് വൈകിട്ട് നട തുറക്കും.