boat-1

വിഴിഞ്ഞം : ഉൾക്കടലിൽ വച്ച് ഇടിമിന്നലേറ്റ് തകർന്ന ബോട്ടിൽ നിന്നു മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ട് ഉടമ വിഴിഞ്ഞം സ്വദേശിയായ ജെ. ആന്റണി (48), ബോട്ടിൽ ഉണ്ടായിരുന്ന വിഴിഞ്ഞം സ്വദേശിയായ മുത്തപ്പൻ (50), പൂന്തുറ സ്വദേശി ആന്റണി (40) എന്നിവരാണ് ഇടിമിന്നലിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിഴിഞ്ഞം തീരത്ത് നിന്നു 9നോട്ടിക്കൽ മൈൽ ഉൾക്കടലിൽ വച്ചായിരുന്നു അപകടം. മീൻ പിടിക്കുന്നതിനായി വലവീശിയ ശേഷം വിശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ. പെട്ടെന്ന് മിന്നലുണ്ടായി. ഒരു തീ ഗോളം തങ്ങളുടെ മുന്നിലേക്ക് വന്നുവെന്നും ഇത് ബോട്ടിന്റെ മുൻ വശത്തു വന്നു കത്തുകയായിരുന്നെന്നും തൊഴിലാളികൾ പറഞ്ഞു. മിന്നലേറ്റ് ബോട്ടിന്റെ മുൻവശം തകർന്നു. ബോട്ടിൽ പലസ്ഥലങ്ങളിലായി ദ്വാരം വീണു. മിന്നലിന്റെ ആഘാതത്തിൽ തങ്ങൾ പിന്നിലേക്ക് വീണു. അതോടെ ബോട്ടിന്റെ ഒരു വശം ഉയർന്നു. അതിനാൽ വെള്ളം കയറുന്നത് തടയാനായി. ബോട്ടിന്റെ എൻജിൻ ഭാഗത്താണ് മിന്നലേറ്റിരുന്നതെങ്കിൽ വൻ സ്ഫോടനവും അപകടവും ഉണ്ടാകുമായിരുന്നെന്ന് ഇവർ പറയുന്നു. ഒരുവിധം വല വലിച്ചു കയറ്റി പ്രാണരക്ഷാർത്ഥം കരയിലേക്ക് ബോട്ട് ഓടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ വിഴിഞ്ഞം തീരദേശ പൊലീസിൽ പരാതി നൽകി.