തിരുവനന്തപുരം:പഠനം കഴിഞ്ഞാലുടൻ പി.എസ്.സി കോച്ചിംഗ്. അതാണ് പുതിയ പിള്ളേരുടെ രീതി. അവർക്കിതാ ഒരു വഴികാട്ടി... കോച്ചിംഗ് സെന്ററുകളിൽ പോവാതെയും സർക്കാർ ജോലി നേടാം എന്ന് തെളിയിച്ച മിടുക്കൻ. പാലക്കാട് എടത്തനാട് കാപ്പുങ്ങൽ മൺസൂറലി എന്ന 31കാരൻ. 19-ാം വയസിൽ ആദ്യമായി പൊലീസ് കോൺസ്റ്റബിൾ ലിസ്റ്രിൽ കയറിയതാണ്. പിന്നീട് പി.എസ്.സി പരീക്ഷകളും അതിന് വേണ്ടിയുള്ള പഠനവും ത്രില്ലായി. കഴിഞ്ഞ ആറ് വർഷത്തിനിടെ 50ലധികം റാങ്ക് ലിസ്റ്റുകളിലാണ് കയറിപ്പറ്റിയത്.
തന്റെ അനുഭവസമ്പത്ത് ചെറുപ്പക്കാർക്ക് പകരാൻ മൺസൂറലിക്ക് 'പി.എസ്.സി ത്രില്ലർ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്. ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ഈ ഗ്രൂപ്പ് ഒരു വൺമാൻ ഓൺലൈൻ കോച്ചിംഗ് സെന്ററാണ്. മൺസൂർ അലിയുടെ പി.എസ്.സി ട്രിക്കുകൾ കണ്ടും കേട്ടും അവർ പഠിക്കുന്നു.
പത്താം വയസിൽ ഉമ്മ ആയിശയും 17-ാം വയസിൽ ഉപ്പ മുഹമ്മദ് കുട്ടിയും മൺസൂറിനെ വിട്ട് പിരിഞ്ഞു. ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ പി.എസ്.സി പഠനം തുടങ്ങി. ഡിഗ്രി കാലത്ത് പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ വന്നു. ട്രെയിനിംഗിന് ചേർന്നെങ്കിലും അഞ്ച് മാസത്തിന് ശേഷം അതുപേക്ഷിച്ചു. ഉയർന്ന ജോലിക്കായുള്ള പരിശീലനം തുടർന്നു. ഒപ്പം കോളേജ് പഠനവും. ഇംഗ്ലീഷൊന്നും നേരെ ചൊവ്വേ അറിയാത്ത ശരാശരി വിദ്യാർത്ഥി മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ബി.എഡും നേടി. അതിന് പിന്നിൽ കഠിനാദ്ധ്വാനമുണ്ട്. നെറ്റ്, സെറ്റ്, ടെറ്റ് എന്നിവയും പാസായി. പഠിച്ച കോളേജിൽ രണ്ട് വർഷവും നെന്മാറ എൻ.എസ്.എസ് കോളേജിൽ ഒരു വർഷവും ഗസ്റ്റ് ലക്ചററായി.
ഇതിനിടെ നിരവധി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടി. ഏത് ജോലിക്ക് പോവണമെന്ന് കൺഫ്യൂഷനായി. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് പരീക്ഷയിൽ രണ്ടാംറാങ്കും പൊലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, ആംഡ് സബ് ഇൻസ്പെക്ടർ എന്നിവയിൽ മൂന്നാം റാങ്കും. ആദ്യ പത്ത് റാങ്കിൽ വന്നത് 12 പി.എസ്.സി ടെസ്റ്റുകളിൽ. രണ്ടാം റാങ്ക് കിട്ടിയ ജോലി സ്വീകരിച്ചു. പാലക്കാട് സ്പെഷ്യൽ സബ് ജയിലിൽ അസിസ്റ്റന്റ് ജയിലറായി. പിന്നെ കാക്കി അഴിച്ചില്ല. ഇപ്പോൾ കാസർകോട് ജയിൽ സൂപ്രണ്ടാണ്. കാക്കിയിലായി പിന്നീടുള്ള പി.എസ്.സി പരീക്ഷാന്വേഷണങ്ങൾ. അതിലെല്ലാം മൺസൂർ ജയിച്ചു കയറുകയാണ്.
കോളേജ് കാലത്ത് 12 കിലോമീറ്റർ മാരത്തോണിൽ കലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടി ദേശീയ തലത്തിൽ വെങ്കലമെഡലും സംസ്ഥാന തലത്തിൽ രണ്ട് തവണ സ്വർണമെഡലും നേടിയിട്ടുണ്ട്.
''കോച്ചിംഗ് സെന്ററുകളിൽ പോവാതെ 7500ൽ അധികം സോൾവ്ഡ് ചോദ്യ പേപ്പറുകൾ റഫർ ചെയ്ത് മാത്രമാണ് എന്റെ പഠനം. ആവശ്യമുള്ളത് മാത്രം പഠിക്കുക.''
-- മൺസൂറലി