atl03na

ആറ്റിങ്ങൽ: ശാസ്തവട്ടം – ചിറയിൻകീഴ് റോഡിൽ തോപ്പുമുക്കിൽ മാലിന്യ നിക്ഷേപം പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു മിനി ലോറിയിൽ കൊള്ളുന്ന മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി റോഡരികിൽ നിക്ഷേപിച്ചതായി കണ്ടെത്തിയത്. നാട്ടുകാർ മംഗലപുരം പഞ്ചായത്തിലും പൊലീസിലും വിവരം അറിയിച്ചു. അവരുടെ സാന്നിദ്ധ്യത്തിൽ നാട്ടുകാർ മാലിന്യങ്ങൾ പരിശോധിച്ചു. ഇരുപതോളം വരുന്ന ചാക്കുകെട്ടിൽ നിറച്ച് വർക്ക് ഷോപ്പിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തി. പരിശോധനയിൽ കഴക്കൂട്ടത്തെ ചില സ്പെയർ പാർട്സ് കടകളുടെ ബില്ലുകൾ കണ്ടെത്തിയതോടെ പൊലീസിന്റെ നേതൃത്വത്തിൽ അവരെ ബന്ധപ്പെട്ടപ്പോഴാണ് കഴക്കൂട്ടത്തെ ചില വർക്ക് ഷോപ്പുകളിൽ നിന്നും മാലിന്യം സമാഹരിച്ച് നീക്കം ചെയ്യാമെന്നേറ്റവരുടെ പണിയാണ് ഇതെന്ന് മനസിലായത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് വർക്കഷോപ്പ് ഉടമകൾ ഒത്തു തീർപ്പ് വ്യവസ്ഥ ഉണ്ടാക്കി മാലിന്യങ്ങൾ തിരികെ കൊണ്ടുപോകാമെന്ന് സമ്മതിച്ചതായാണ് അറിയുന്നത്.