കടയ്ക്കാവൂർ: തീരദേശ മേഖലകളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി ലഹരിമരുന്ന് വില്പന സംഘങ്ങൾ സജീവമാകുന്നു. കഞ്ചാവ്, മദ്യം, പുകയില ഉത്പന്നങ്ങൾ തുടങ്ങി നിരവധി സംഘങ്ങളാണ് ലഹരി വ്യാപനത്തിനു പിന്നിലുള്ളത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പല തരത്തിലുള്ള ഏജന്റുമാരെയാണ് വിതരണത്തിനായി നിയോഗിച്ചിരിക്കുന്നത്. കടയക്കാവൂർ റെയിൽവേസ്റ്റേഷൻ പരിസരത്തും വിതരണത്തിനായി യാത്രക്കാരുടെ രൂപത്തിൽ തന്നെ ചിലരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സ്ത്രീകളായ ഏജന്റുമാർ ബാഗിലാണ് ലഹരി കടത്തുക. സ്ത്രീകളായതിനാൽ പൊലീസോ എക്സൈസോ ബാഗ് പരിശോധിക്കില്ല എന്നത് ഇവർക്ക് അനുഗ്രഹമാണ്. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും സജീവ മായതോടെ അക്രമ സംഭവങ്ങൾ വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്കൂൾ സമയങ്ങളിൽ ബൈക്കുകളിൽ പായുന്ന യുവാക്കൾ കാരണം വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വീട്ടുകാരറിഞ്ഞ് വിലക്കാൻ വന്നാൽ ഇൗ ചെറുസംഘം തത്കാലം പിൻമാറുമെങ്കിലും പിന്നീട് പല അക്രമങ്ങൾക്കും മുതിർന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതു പേടിച്ച് ഇൗ പൂവാലന്മാരെ ചെറുക്കാനും കഴിയുന്നില്ല. ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. ഇനി അഥവാ പിടികൂടിയാലും അർഹമായ ശിക്ഷ ഇവർക്ക് ലഭിക്കാത്തതിനാൽ ഇക്കൂട്ടരുടെ ശല്യം രൂക്ഷമാകാറാണ് പതിവ്.
ലഹരിക്ക് അടിമയായ സംഘങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. അധികൃതർ ഇത്തരത്തിൽ ഒഴുക്കൻ നിലപാട് സ്വീകരിക്കുകയാണെങ്കിൽ തീരപ്രദേശങ്ങൾ മദ്യപാനികളുടെയും മയക്കുമരുന്നു സംഘങ്ങളുടെയും കേന്ദ്രമാകുമെന്നുറപ്പാണ്. അതിനാൽ ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഈ പ്രദേശങ്ങളിൽ മദ്യവും മയക്ക്മരുന്നും പിടിമുറുക്കുകയാണ്. ഇത് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. -സുനിൽദത്ത് (കടയ്ക്കാവൂർ വ്യാപാരി വ്യവസായി അംഗം)
ലഹരിമരുന്ന് സംഘങ്ങൾ ഇവിടെ
നെടുങ്ങണ്ട
വക്കത്ത് ഇറങ്ങുകടവ്
ചെട്ടിതൊടി
അടിവാരം
കൊച്ചയിക്കട
ടാങ്കേമുക്ക്
പണയിൽകടവ്
കായിക്കര
അഞ്ചുതെങ്ങ് തോണിക്കടവ്
ഉൗരാൻകുടി
കടയ്ക്കാവൂർ റെയിൽവേസ്റ്റേഷൻ പരിസരം
റെയിൽവേ ടവർ റോഡ്
മീരാൻകടവ് പാലത്തിന് സമീപം
പുത്തൻമുക്കാലുവട്ടം