atl03nb

ആ​റ്റിങ്ങൽ: കൃഷിയിറക്കാൻ പ്രോത്സാഹിപ്പിച്ച പഞ്ചായത്തും ക‌ൃഷിവകുപ്പും കൈയൊഴിഞ്ഞതോടെ കൊയ്ത്തു നടത്താനാകാതെ കർഷകർ വലയുന്നു. കരവാരം നഗരൂർ പഞ്ചായത്തുകളിൽ തരിശു കിടന്ന പാടശേഖരത്തിൽ കൃഷിയിറക്കിയ കർഷകരാണ് അധികൃതർ കൈയൊഴിഞ്ഞതോടെ പ്രതിസന്ധിയിലായത്. വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാനാകാത്ത സ്ഥിതിയിലാണിവർ. പാകമായി കരിഞ്ഞുണങ്ങിയ നെല്ല് തണ്ടഴുകി വയലിൽ വീണ് മുളക്കുകയാണിപ്പോൾ.

കരവാരം പഞ്ചായത്തിലെ ഏ​റ്റവും വലിയ പാടശേഖരമായ വഞ്ചിയൂർ കട്ടപ്പറമ്പ് പാടശേഖരത്തിൽ നെല്ല് കൊയ്യാൻ പാകമായിട്ട് ഒരുമാസമാകുന്നു. നെല്ല് പഴുത്തപ്പോൾ മുതൽ കൊയ്ത്ത് യന്ത്റത്തിനായി കർഷകർ ആവശ്യപ്പെട്ടുതുടങ്ങിയതാണ്. ഉടൻ എത്തിക്കാമെന്ന വാഗ്ദാനമല്ലാതെ യാതൊന്നും നടന്നില്ല. 35 ഹെക്ടർ വരുന്ന പാടശേഖരത്തിൽ ഭൂരിഭാഗം വയലുകളും ഇക്കുറി കൃഷിചെയ്തിട്ടുണ്ട്. എല്ലാ സഹായവും എത്തിക്കാമെന്ന വാഗ്ദാനമാണ് കർഷകർക്ക് പ്രചോദനമായത്. കഴിഞ്ഞവർഷം ജില്ലയിൽ ഏ​റ്റവും കൂടുതൽ നെൽപാടങ്ങൾ കൃഷി ചെയ്ത് വൻ വിളവുണ്ടാക്കിയ പാടശേഖരങ്ങളിലൊന്നാണിത്.

കൊയ്ത്ത് യന്ത്റം കിട്ടാതെ വന്നതോടെ പലരും കൂലികൊടുത്ത് കൊയ്യാൻ ശ്രമം നടത്തി. എന്നാൽ കൊയ്യാൻ ആളെ കിട്ടിയില്ല. വലിയ കൂലിയാണ് ചിലർ ആവശ്യപ്പെടുന്നത്. കൊയ്യാനാവാത്തത് അടുത്ത കൃഷിയെയും ബാധിക്കും. മിക്കയിടത്തും വിതയും പൂട്ടും വരമ്പൊരുക്കുമെല്ലാം പൂർത്തിയായിക്കഴിഞ്ഞു. വൈകി കൃഷി നടത്തിയാൽ വെള്ളം കിട്ടാതെ കൃഷി നശിക്കും. കർഷകരുടെ പ്രയാസം പഞ്ചായത്തധികൃതരെയും കൃഷിവകുപ്പിനെയും അറിയിച്ചെങ്കിലും ഒരിടത്തുനിന്നും യാതൊരു സഹായവുമുണ്ടായിട്ടില്ലെന്നാണ് പരാതി. ഇനി കൊയ്യേണ്ട ആവശ്യമില്ലെന്നും ഇതോടെ നെൽകൃഷി മതിയാക്കുകയാണെന്നുമുള്ള നിലപാടിലേക്ക് പല കർഷകരും എത്തിയിരിക്കുകയാണ്.
പഞ്ചായത്തുകൾ കാർഷിക മേഖലക്കായി വൻ തുക വർഷാവർഷം നീക്കി വയ്ക്കുമെങ്കിലും കൊയ്ത്ത് മെതിയന്ത്റം വാങ്ങുന്നതിന് പദ്ധതി നടപ്പാക്കാറില്ലെന്നാണ് കർഷകരുടെ പരാതി. ഓരോ പഞ്ചായത്തിനും ഒരു കൊയ്ത്ത് - മെതി യന്ത്റമെങ്കിലും ലഭ്യമാക്കാൻ പദ്ധതി വച്ചില്ലെങ്കിൽ അടുത്ത വർഷം മുതൽ കൃഷിചെയ്യില്ലെന്ന നിലപാടിലാണ് കർഷകർ.