ആറ്റിങ്ങൽ: സംസ്ഥാന വ്യാപകമായി കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിജിലൻസിന്റെ മിന്നൽ പരിശോധനയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിലും വിജിലൻസ് പരിശോധന നടത്തി. കെട്ടിട പെർമിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഫയലുകളും പരിശോധനയ്‌ക്ക് വിധേയമാക്കി. പെർമിറ്റുകൾ നൽകുന്നതിൽ കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും കാലതാമസം വരുത്തുന്നെന്ന് ആരോപിച്ച് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ജില്ലയിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ആറ്റിങ്ങലിൽ എൻജിനിയറിംഗ് വിഭാഗത്തിലാണ് പ്രധാനമായും പരിശോധന നടന്നത്.