നന്ദിയോട് : ദീപാവലിക്ക് ഒരു ദിവസം മാത്രം ശേഷിക്കെ പടക്കവിപണിക്ക് പേരുകേട്ട നന്ദിയോട് ഗ്രാമം തിരക്കിലമർന്നു. പരമ്പരാഗത പടക്കനിർമ്മാണ കേന്ദ്രമായ ഇവിടെ മുക്കിലും മൂലയിലും വരെ പടക്കകച്ചവടം പൊടിപൊടിക്കുകയാണ്. 60 ശതമാനം വരെ വിലക്കിഴിവിലാണ് കച്ചവടം. വർണവിസ്മയം തീർക്കുന്ന കമ്പിത്തിരി, മത്താപ്പ്, തറച്ചക്രം, റോക്കറ്റ് തുടങ്ങിയവയ്ക്കും വീര്യം കുറഞ്ഞ ചെറു പടക്കങ്ങൾക്കും വൻ ഡിമാന്റാണ്. കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും വിധത്തിൽ കെമിക്കലുകൾ കുറച്ചാണ് ഇവിടത്തെ നിർമ്മാണ രീതി. ഓലപ്പടക്കം, മുക്കുപടക്കം, മാലപ്പടക്കം, നാടൻ ഗണ്ണുകൾ, ഓല റോയൽ തുടങ്ങി അമിട്ടുകൾ വരെ ലഭിക്കും. ജില്ലയിലെ പ്രമുഖ കമ്പക്കെട്ട് ആശാന്മാരായ നന്ദിയോട് സുശീലൻ, രാമചന്ദ്രൻ, നന്ദകുമാർ, രാജേന്ദ്രൻ, സുനിൽകുമാർ (സുനു), രാജീവൻ, പ്രേമൻ, വാമൻ, സുനിലാൽ, ബിജുകുമാർ, അനിൽകുമാർ, ബാബു, ഉണ്ണി, കുമാരൻ, വിജു, ഷാജി, മണികണ്ഠൻ, അനി തുടങ്ങി ഇരുപത്തഞ്ചോളം വിദഗ്ദ്ധരുടെ കീഴിലായി അഞ്ഞൂറോളം വനിതകളാണ് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആലംപാറ, പാലുവള്ളി, ആനക്കുഴി നിവാസികളുടെ പ്രധാന ജീവനോപാധിയാണ് പടക്കനിർമ്മാണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചെറുപടക്കങ്ങളും പൂത്തിരികളും ഇവിടെ നിന്ന് കയറ്റിവിടുന്നുണ്ട്. നിർമ്മിക്കുന്ന പടക്കത്തിന്റെ എണ്ണം അനുസരിച്ച് 300 രൂപ വരെ ഓരോ തൊഴിലാളിക്കും വേതനം ലഭിക്കും. തെങ്കാശിയിൽ നിന്നാണ് പടക്ക നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. വർണവിസ്മയം തീർക്കുന്ന ഫാൻസി ഇനങ്ങളായ പൂത്തിരി, കമ്പിമത്താപ്പ്, റോക്കറ്റ്‌ മുതലായവ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരും. ഫാൻസി ഇനങ്ങൾ നിർമ്മിക്കാനുള്ള അസൗകര്യങ്ങളും ഭീമമായ ചെലവും കണക്കിലെടുത്താണ് പുറമേ നിന്നു വാങ്ങുന്നത്.

ദീപാവലി ആഘോഷങ്ങൾ കളാറാകുമെങ്കിലും വർഷങ്ങളായി ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ലൈസൻസികൾക്കും ക്ഷേമനിധി, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ സ്വപ്നം മാത്രമാണ്. കരിമരുന്നുകൾക്കിടയിൽ ജീവിതം ഹോമിക്കുന്ന തൊഴിലാളികളുടെ ക്ഷേമം കടലാസിൽ ഒതുങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.