mgm

വിതുര: വിതുരയിലെ ചായം -ചാരുപാറ സ്പെഷ്യൽ പാക്കേജ് റോഡിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ മുഖം തിരിക്കുന്നതായി ആക്ഷേപം. അമിതവേഗവും, റോഡിന്റെ വീതിക്കുറവും അശ്രദ്ധയുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായത്. ടിപ്പർ ലോറികൾ മുതൽ ബൈക്കുകൾ വരെ ഇതുവഴി അമിതവേഗതയിലാണ് പായുന്നത്. വിതുരയിലെയും സമീപ പ്രദേശങ്ങളിലേയും സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാത്രമല്ല പാലോട് ഭാഗത്തേക്കും നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അടുത്തിടെയാണ് ചായം ശ്രീഭദ്രകാളിക്ഷേത്ര ജംഗ്ഷന് സമീപത്തുവച്ച് സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചത്. എം.ജി.എം പൊൻമുടി വാലി സ്‌കൂളിന് സമീപം ഒാട്ടോറിക്ഷ കുഴിയിൽ വീണ് നാലു പേർക്ക് പരുക്കേറ്റിരുന്നു.

ടിപ്പറുകളും ബൈക്കുകളും ചീറിപ്പായുന്നു
ഇൗ റോഡിൽ ടിപ്പറുകളും ബൈക്കുകളും അമിത വേഗതയിൽ പായുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. ടിപ്പറുകളുടെയും ബൈക്കുകളുടെയും ആധിക്യവും അമിതവേഗവും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. സ്കൂളിന് മുന്നിലൂടെ പോലും വാഹനങ്ങൾ അമിത വേഗതയിൽ പായുന്നത് വിദ്യാർത്ഥികൾക്കും പ്രശ്നമായിട്ടുണ്ട്. ഇതോടെ പൊലീസീസിന്റെ ശ്രദ്ധ ഈ ഭാഗത്തേക്ക് പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കൈയേറ്റം വ്യാപകം
ഈ റൂട്ടിൽ പുറമ്പോക്ക് ഭൂമി കൈയേറി വ്യാപകമായി നിർമ്മാണം നടത്തിയിരിക്കുന്നതും ദൃശ്യമാണ്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടിട്ടും യാതൊരു നടപടികളും അധികാരികൾ സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ചെറ്റച്ചൽ -വെള്ളനാട് സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചില മേഖലകളിൽ ഭൂമി ഇടിച്ചെങ്കിലും മറ്റിടങ്ങളിൽ പുറമ്പോക്ക് ഒഴിപ്പിച്ചില്ലെന്നും പരാതിയുണ്ട്.