kerala

തിരുവനന്തപുരം : കൈത്തറി വസ്ത്രങ്ങൾ,​ആറൻമുള കണ്ണാടി,​വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾ,​കരകൗശല വസ്തുക്കൾ തുടങ്ങി നാടൻപുളിവരെ വാങ്ങാൻ കിട്ടുന്ന വിശാലമായൊരിടമുണ്ട്. പക്ഷെ സാധനം വാങ്ങാൻ എവിടെയും പോകണ്ട.വീട്ടിലിരുന്ന് ഓർഡർ കൊടുത്താൽ മതി പാഴ്സലായി സാധനമെത്തും.

കഴിഞ്ഞ ആഗസ്റ്റിൽ സംസ്ഥാന സ്റ്റാർട്ടപ്പ് മിഷനു കീഴിൽ ആരംഭിച്ച കേരള സ്പെഷ്യൽ.ഇൻ (www.keralaspecial.in) എന്ന ഓൺലൈൻ പോർട്ടലിലാണ് നാടൻ ഉത്പന്നങ്ങളുടെ 'വിശാലമായ ഷോറും' ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലിരിക്കുന്നവർക്കും പോർട്ടലിലൂടെ സാധനം വാങ്ങാം. ഓഡർ നൽകി കഴിഞ്ഞാൽ ഇന്ത്യാ പോസ്റ്റിലൂടെ സുരക്ഷിതമായി സാധനം ആവശ്യക്കാരുടെ കൈകളിലെത്തും. വിശ്വാസ്യത ഉറപ്പുവരുത്താൻ കാഷ് ഓൺ ഡെലിവറി സംവിധാനത്തോടെയാണ് പ്രവർത്തനം.എൻജിനിയറിംഗ് ബിരുദധാരിയായ തിരുവന്തപുരം സ്വദേശി ഷിജു ലൂക്കോസാണ് പോർട്ടലിന്റെ സ്ഥാപകൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇസ്രായേലിൽ നിന്നുവരെ ഓർഡർ ലഭിച്ചെന്ന് ഷിജു പറയുന്നു. 2002ൽ എൻജിനിയറിംഗ് പാസായ ഷിജു വിവിധ ഐ.ടി സ്ഥാപനങ്ങളിൽ ജോലിനോക്കിയ ശേഷമാണ് സംരംഭത്തിന് തുടക്കമിട്ടത്. വെള്ളയമ്പലത്തിന് സമീപം ഓഫീസും പ്രവർത്തിക്കുന്നുണ്ട്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ വിജയകുമാർ, പ്രൊഫസർ മോഹൻദാസ്, വിജയകുമാരൻ നായർ എന്നിവരാണ് സംരംഭത്തിന്റെ വഴികാട്ടികൾ.

ഹഡിൽ കേരളയിൽ ആദ്യ പത്തിൽ

മികച്ച സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരെയും സാങ്കേതിക സഹായികളെയും കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ കേരളയിൽ മികച്ച 10 സംരഭകരുടെ പട്ടികയിൽ കേരള സ്‌പെഷ്യൽ.ഇൻ തിരഞ്ഞെടുക്കപ്പട്ടു. ഏഷ്യയിലെ 1000 സംരംഭങ്ങൾക്കിടയിൽ നിന്നാണ് കേരള സ്പെഷ്യൽ മുൻ നിരയിൽ ഇടംപിടിച്ചത്.

"നാട്ടിലെ ഓർഗാനിക് ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അത്തരം സാധാനങ്ങൾ പോർട്ടലിലൂടെ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ. "

-ഷിജു ലൂക്കോസ്

ഡയറക്ടർ കേരള സ്പെഷ്യൽ.ഇൻ