weighing-machine
weighing machine


പ്രളയബാധിത പ്രദേശങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ കേടായ, നിലവിൽ മുദ്ര കാലാവധി കഴിയാത്ത, അളവ് തൂക്ക ഉപകരണങ്ങൾക്ക് ഫീസ് ഈടാക്കാതെ മുദ്ര ചെയ്തു നൽകും. ഇതുസംബന്ധിച്ച ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. മുദ്ര കാലാവധി കഴിഞ്ഞ അളവ് തൂക്ക ഉപകരണങ്ങൾക്ക് ഫീസ് ഇളവ് ബാധകമല്ല. പ്രളയക്കെടുതിയിലാണ് ഉപകരണങ്ങൾക്ക് കേടു സംഭവിച്ചതെന്ന ഉപയോക്താവിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവ് നൽകി പുനഃപരിശോധന നടത്തേണ്ടത്. മുദ്ര ചെയ്യുമ്പോൾ നിലവിലെ സർട്ടിഫിക്കറ്റ് പ്രകാരമുള്ള മുദ്ര കാലാവധി നിലനിറുത്തി നൽകി പുനഃപരിശോധന വിവരം നിലവിലെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം.
പ്രളയത്തിൽ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് ഫീസ് ഈടാക്കാതെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകും. പ്രളയക്കെടുതിയിൽ മാനുഫാക്ചർ/ഡീലർ/റിപ്പയർ ലൈസൻസുകൾ പായ്ക്കിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നഷ്ടപ്പെട്ടിട്ടുള്ളവർക്ക് ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നൽകുമെന്നും ഉത്തരവിൽ പറയുന്നു.

പ്രളയദുരന്തം: അദ്ധ്യാപകർക്ക് പരിശീലന പരിപാടി നടത്തി
യുനിസെഫും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും ചേർന്ന് പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്ക് പരിശീലന പരിപാടി നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആർ.ടി കേരളം ഡയറക്ടർ ഡോ. ജെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. സി. രാമകൃഷ്ണൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.വി. വിനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ 'ആദ്യ വിദ്യാലയം' മാജിക് പരിപാടിയും നടത്തി.

മോട്ടോർ ക്യാബുകളുടെ നികുതി കുടിശിക മാർച്ച് 30 വരെ അടയ്ക്കാം
കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മോട്ടോർ ക്യാബുകളുടെ നികുതി കുടിശിക അടയ്ക്കുന്നതിന് മാർച്ച് 30 വരെ മൂന്ന് തവണകളായി സമയം അനുവദിച്ച് ഉത്തരവായി. ആദ്യ തവണ നവംബർ 30 നും രണ്ടാമത്തേത് തവണ 2019 ജനുവരി 30 നും മൂന്നാമത്തേത് തവണ മാർച്ച് 30 നുമാണ് അടയ്‌ക്കേണ്ടത്. നികുതി അടയ്ക്കാതെ കുടിശിക വരുത്തിയവരും നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം യഥാസമയം തവണകൾ അടയക്കാൻ കഴിയാതിരുന്നവർക്കും ഈ സൗകര്യം വിനിയോഗിക്കാം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 10 വർഷത്തെ നികുതി തവണകളായി ടാക്‌സി/ ടൂറിസ്റ്റ് ഉടമസ്ഥർക്ക് അടയ്ക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ബി.ടെക്ക്/ബി.ഇ കാർക്ക് അപ്രന്റീസ് ട്രെയ്‌നിംഗിന് അവസരം
തിരുവനന്തപുരം: സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്, ടെക്‌നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി സെൻട്രലൈസ്ഡ് വാക് ഇൻ ഇന്റർവ്യൂ നടത്തും. എൻജിനിയറിംഗ്, ടെക്‌നോളജിയിൽ ബി.ടെക്, ബി.ഇ, പോളിടെക്‌നിക് ഡിപ്ലോമ നേടി മൂന്നു വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിഗ്രിക്കാർക്ക് 4984 രൂപയും, ഡിപ്ലോമക്കാർക്ക് 3542 രൂപയുമാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപെൻഡ്. ട്രെയിനിംഗിന് ശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും. ട്രെയിനിംഗ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളിലും സ്ഥിരം ജോലിക്കും അവസരമൊരുക്കും.

സർട്ടിഫിക്കറ്റുകളുടെയും മാർക്ക്‌ലിസ്റ്റുകളുടെയും അസലും മൂന്നു കോപ്പികളും വിശദമായ ബയോഡാറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം. സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോമും രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും www.sdcentre.org ൽ. ഇന്റർവ്യൂ ദിവസം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. എസ്.ഡി സെന്റർ നൽകുന്ന രജിസ്‌ട്രേഷൻ കാർഡോ ഇ-മെയില്‍ പ്രിന്റോ ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവരണം ബോർഡ് ഒഫ് അപ്രന്റീസ് ട്രെയ്‌നിംഗിന്റെ നാഷണൽ വെബ്പോര്‍ട്ടലായ www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റൗട്ടും പരിഗണിക്കും. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org ൽ.

നിർഭയ ഷെൽട്ടർ ഹോമിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തൃശൂർ ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന നിർഭയ ഷെൽട്ടർ ഹോമിലേക്ക് ഹൗസ് മാനേജർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫീൽഡ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ലീഗൽ കൗൺസിലർ (പാർട്ട് ടൈം), കെയർ ടേക്കർ, സെക്യൂരിറ്റി, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാർത്ഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ 15 ന് മുമ്പ് ലഭിക്കത്തക്കവിധത്തിൽ അയയ്ക്കണം.
ഹൗസ് മാനേജർമാരാകാൻ എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 18,000 രൂപ വേതനം ലഭിക്കും.
ഫുൾ ടൈം റസിഡന്റ് വാർഡന് ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 13,000 രൂപ വേതനം ലഭിക്കും.
സോഷ്യൽ വർക്കർ കം കേസ് വർക്കർക്ക് എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും.
ഫീൽഡ് വർക്കർക്ക് എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 10,500 രൂപ വേതനം ലഭിക്കും.
സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) ന് എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 7,000 രൂപ വേതനം ലഭിക്കും.
ലീഗൽ കൗൺസിലർ (പാർട്ട് ടൈം)ക്ക് എൽ.എൽ.ബി യാണ് യോഗ്യത. പ്രതിമാസം 8,000 രൂപ വേതനം ലഭിക്കും.
കെയർ ടേക്കർക്ക് പി.ഡി.സി യാണ് യോഗ്യത. പ്രതിമാസം 9,500 രൂപ വേതനം ലഭിക്കും.
സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സി യാണ് യോഗ്യത. പ്രതിമാസം 7,500 രൂപ വേതനം ലഭിക്കും.
കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രതിമാസം 8,000 രൂപ വേതനം ലഭിക്കും.
ക്ലീനിംഗ് സ്റ്റാഫിന് 5ാം ക്ലാസാണ് യോഗ്യത. പ്രതിമാസം 6,500 രൂപ വേതനം ലഭിക്കും.
സൈക്കോളജിസ്റ്റ് മുതൽ സെക്യൂരിറ്റി വരെയുള്ള തസ്തികയിൽ 25 നും 45 വയസ്സിനും ഇടയ്ക്കാണ് പ്രായപരിധി. കുക്കിനും ക്ലീനിംഗ് സ്റ്റാഫിനും 25 നും 50 നും ഇടയിലും.
ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി 15 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ (ഫോൺ: 04712348666, 2913212)