തിരുവനന്തപുരം : കെട്ടിടനിർമ്മാണത്തിന് പെർമിറ്റുകൾ നൽകാനായി നഗരസഭ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സോഫ്റ്റ‌്‌വെയർ ജനങ്ങളെ വലയ്ക്കുന്നതായി ആക്ഷേപം. കഴിഞ്ഞ മാസം മുതൽ നടപ്പിലാക്കിയ ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥർക്ക് പോലും സുഗമമായി ഉപയോഗിക്കാൻ കഴിയാതായതോടെ അപേക്ഷകൾ കുന്നുകൂടുകയാണ്. അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യുന്ന രേഖകൾ പലതും ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോൾ സോഫ്റ്റ്‌വെയറിൽ നിന്ന് അപ്രത്യക്ഷമാകുന്നതായി ഡിസൈനർമാർ പറയുന്നു. ഇതോടെ 15 ദിവസത്തിനകം പെർമിറ്റ് നൽകണമെന്ന മുനിസിപ്പൽ ചട്ടം പോലും നഗരസഭയിൽ ഇപ്പോൾ നടപ്പാകുന്നില്ല. മെയിൻ ഓഫീസ്, കുടപ്പനക്കുന്ന്, ശ്രീകാര്യം തുടങ്ങിയ വിവിധ സോണലുകളിൽ പത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. ഐ.കെ.എമ്മിന്റെ സങ്കേതം സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ സങ്കേതം ഉപേക്ഷിച്ച് ജൂലായ് മുതൽ സ്വകാര്യ കമ്പനിയുടെ ഇന്റഗ്രേറ്റഡ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്) ഉപയോഗിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതനുസരിച്ച് എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും ബിൽഡിംഗ് ഡിസൈനർമാർക്കും നഗരസഭ പരിശീലനം നൽകി. എന്നാൽ പുതിയ അപേക്ഷകൾ പുതിയ സോഫ്ട്‌വെയറിൽ അപ്‌ലോഡ് ആകുന്നില്ലെന്ന് ഡിസൈനർമാർ പരാതിയുമായി രംഗത്തെത്തി. ഇതോടെ പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഐ.ബി.പി.എം.എസ് നടപ്പാക്കാൻ കഴിഞ്ഞില്ല. തുടർന്ന് രണ്ടാം തവണയും ഉദ്യോഗസ്ഥർക്കും ഡിസൈനർമാർക്കും പരിശീലനം നൽകിയെങ്കിലും സോഫ്റ്ര്‌വെയറിലെ തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
ഐ.ബി.പി.എം.എസ് ഉപയോഗിച്ചു തുടങ്ങിയത് 2018 ഒക്ടോബർ 1 മുതൽ
സങ്കേതം ഉപയോഗിച്ചിരുന്നത് 3 വർഷം വരെ
വൺ ഡേ പെർമിറ്റിന് വീണ്ടും സങ്കേതം
പെർമിറ്റ് നൽകാനായി ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പാക്കിയെങ്കിലും ഇപ്പോഴും വൺ ഡേ പെർമിറ്റ് നൽകാൻ സങ്കേതം സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. 300 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങൾക്ക് ഒറ്റദിവസം പെർമിറ്റ് അനുവദിക്കുന്ന വൺ ഡേ പെർമിറ്റ് സമ്പ്രദായം പുതിയ സോഫ്റ്ര്‌വെയർ വന്നതോടെ താളംതെറ്റിയിരുന്നു. പിന്നാലെ പരാതികൾ വ്യാപകമായതോടെയാണ് ഇതിനായി വീണ്ടും പഴയ സങ്കേതം സോഫ്റ്റ്‌വെയറിനെ ആശ്രയിക്കാൻ തീരുമാനിച്ചത്.