mullappally

തിരുവനന്തപുരം: ബന്ധുനിയമനം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മാറ്റി നിറുത്തി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ബന്ധുവിന് നിയമനം നല്കാൻ ന്യൂനപക്ഷ കോർപറേഷന്റെ ഡയറക്ടർ ബോർഡ് അറിയാതെയാണ് യോഗ്യതയിൽ ഇളവ് വരുത്തിയത്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന ആളെ ഇന്റർവ്യൂ പോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്കുകയായിരുന്നു. സി.പി.എം നേതാക്കളുടെ ബന്ധുവാണെങ്കിൽ വഴിയേ പോയാലും ഉന്നതതസ്തികകളിൽ നിയമനം ലഭിക്കും.

ബന്ധുനിയമനക്കേസിൽ ഉൾപ്പെട്ട് മന്ത്രി ഇ.പി. ജയരാജൻ രാജിവച്ചപ്പോൾ ജയരാജനെയും പി.കെ. ശ്രീമതിയെയും സി.പി.എം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തതാണ്. കേരളം പ്രളയത്തിൽ മുങ്ങിയ അവസരം നോക്കി സർക്കാർ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തു. വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ച സി.പി.എം നേതാക്കളുടെ ബന്ധുക്കളെ പുറത്താക്കണമെന്ന വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തി. വ്യാജരേഖ നല്കി ജോലിക്ക് കയറിയ കോലിയക്കോട് കൃഷ്ണൻ നായരുടെ മകനെതിരെ കേസെടുക്കണമെന്ന ശുപാർശയും സർക്കാർ തള്ളിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.