parassala
കഴിഞ്ഞ അഞ്ച് വർഷങ്ങളായി നാട്ടുകാർക്കോ കൃഷിക്കോ ഉപകരിക്കാതെ ഉപയോഗ ശൂന്യമായ നിലയിൽ അവശേഷിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വലിയകുളം എന്നറിയപ്പെടുന്ന കാരോട് പഞ്ചായത്തിലെ വെൺകുളം.

പാറശാല : നെയ്യാറ്റിൻകര താലൂക്കിലെ കാർഷിക മേഖലയിൽ ജീവജലമേകിയിരുന്ന വെൺകുളം നാശോന്മുഖമായിട്ട് മൂന്നുവർഷം പിന്നിടുന്നു. ജില്ലയിലെ ഏറ്റവും വലിയ കുളമായ വലിയകുളം കഴിഞ്ഞാൽ വിസ്തൃതിയിൽ രണ്ടാം സ്ഥാനത്താണ് കാരോട് ഗ്രാമ പഞ്ചയത്തിലെ വെൺകുളം.10.10 ഏക്കർ വിസ്‌തീർണമുള്ള കുളം ഇന്ന് നാട്ടുകാർക്കോ പ്രദേശത്തെ കർഷകർക്കോ പ്രയോജനമില്ലാതെ കാട് പിടിച്ച നിലയിലാണ്.

200 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് പ്രയോജനപ്പെട്ടിരുന്ന വെൺകുളം നാശത്തിലായതോടെ കൃഷി പൂർണമായും നശിച്ച നിലയിലായി.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വം കുളം നവീകരണത്തിനായി പുതിയ പദ്ധതി മുന്നോട്ട് വച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ ആർ.കെ.വി.വൈ പദ്ധതി പ്രകാരം 90 ലക്ഷം രൂപയുടെ അനുമതിയും ലഭിച്ചു. കുളത്തിന്റെ നാല് വശങ്ങളിലും സൈഡ് വാൾ കെട്ടുന്നതിനും ചെളി കോരിമാറ്റുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ തുകയിൽ നിന്നും 32 ലക്ഷം ചെലവഴിച്ച് രണ്ട് വശങ്ങളിലെ സൈഡ് വാൾ നിർമ്മിക്കാൻ തുടങ്ങി. ഇതിന്റെ പണി പൂർത്തിയാകുന്നതിന് മുമ്പ് കുളത്തിലെ ചെളി കോരി മാറ്റുന്നതിനുള്ള അവകാശം പഞ്ചായത്ത് കമ്മിറ്റി ടെൻഡർ നടപടികളിലൂടെ 40 ലക്ഷം രൂപയ്‌ക്ക് വിറ്റതോടെ കുളത്തിന്റെ നാശം തുടങ്ങി.

ചെളി കോരി മാറ്റുന്ന കോൺട്രാക്ടറിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ വൻതുക ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. തുക കിട്ടാതെ വന്നതോടെ രാഷ്ട്രീയ പാർട്ടികൾ കോൺട്രാക്ടർക്കെതിരെ തിരിഞ്ഞു. കോൺട്രാക്ടർ ചെളി കോരി മാറ്റുന്നതിനിടെ പുതുതായി നിർമ്മിച്ച സൈഡ് വാളിന്റെ

ഒരു ഭാഗം തകർന്നു. ഇതോടെ പ്രവർത്തിയിൽ നടപടികളിൽ അഴിമതിയുണ്ടെന്നാരോപിച്ച് സമരം തുടങ്ങി. ഇതോടെ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചു. തുടർന്ന് അഴിമതി ആരോപണങ്ങൾക്ക് വിധേയരായതോടെ കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമായി.

പണി തടസപ്പെട്ടതോടെ കോൺട്രാക്ടർ പിന്മാറി. കുളം നാട്ടുകാർക്ക് ഉപകരിക്കാതെ വന്നതോടെ പ്രദേശത്തെ 200 ഹെക്ടർ കൃഷി നശിച്ചു.

 വാഗ്ദാനം ജലരേഖയായി

പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരത്തിലെത്തി 6 മാസത്തിനുള്ളിൽ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും യാതൊന്നും നടന്നില്ല. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്.