തിരുവനന്തപുരം: കേരള കോൺഗ്രസ്- ബിയുമായി ഒരു വർഷം മുമ്പ് ആരംഭിച്ച് പാതിവഴിക്ക് നിലച്ച ലയന ചർച്ച പുനരാരംഭിക്കാൻ എൻ.സി.പി ഔദ്യോഗികമായി തീരുമാനിച്ചു. തുടർ ചർച്ചകൾക്ക് പാർട്ടി ദേശീയ ജനറൽസെക്രട്ടറി ടി.പി. പീതാംബരൻ, സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരെ ദേശീയനേതൃത്വം ചുമതലപ്പെടുത്തി.
തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലായപ്പോൾ കേരള കോൺഗ്രസ്-ബിയെ പാർട്ടിയിൽ ലയിപ്പിച്ച് ഗണേശിനെ മന്ത്രിയാക്കാനുള്ള നീക്കത്തിന് അന്ന് ആക്ടിംഗ് പ്രസിഡന്റായിരുന്ന ടി.പി. പീതാംബരൻ തുടക്കമിട്ടിരുന്നു. എന്നാൽ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന എ.കെ. ശശീന്ദ്രനും മന്ത്രിപദവി രാജിവച്ച തോമസ് ചാണ്ടിയും ഒരുപോലെ എതിർത്തതോടെ നീക്കം പാളി. പിന്നീട് ശശീന്ദ്രൻ മന്ത്രിയായതോടെ അടഞ്ഞെന്ന് കരുതിയ അദ്ധ്യായമാണ് വീണ്ടും തുറക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനും ഇടതുമുന്നണിയിൽ വിലപേശലിനും ലയനം ഉപകരിക്കുമെന്നാണ് എൻ.സി.പി വിലയിരുത്തൽ. മുന്നണി പ്രവേശനം കാത്തിരിക്കുന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്ക് എൻ.സി.പി വഴി അത് സാദ്ധ്യമാക്കുകയുമാവാം.
ശബരിമല വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻ.എസ്.എസിനെ മെരുക്കാൻ ബാലകൃഷ്ണപിള്ള വഴി സാധിക്കുമെന്ന കണക്കുകൂട്ടൽ സി.പി.എമ്മിനുമുള്ളതിനാൽ അവരുടെയും മനസറിഞ്ഞുള്ള നീക്കമാണെന്ന വിലയിരുത്തലുമുണ്ട്. ബാലകൃഷ്ണപിള്ളയുമായി എൻ.സി.പി വൈകാതെ ചർച്ച നടത്തും.
അതേസമയം, കേരള കോൺഗ്രസ്-ബി ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള കേരളകൗമുദിയോട് പറഞ്ഞു. എൻ.സി.പി നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. പാർട്ടി ഒന്നാലോചിക്കട്ടെ- പിള്ള പറഞ്ഞു.