നെടുമങ്ങാട് : പെൻഷൻകാരുടെ വർഷങ്ങൾ നീണ്ട പ്രാർത്ഥനയ്‌ക്കും യാതനയ്‌ക്കും ഫലം കണ്ടു. നിർമാണം പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്ന നെടുമങ്ങാട് സബ്ട്രഷറി മന്ദിരം 15നു മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരണ യോഗം 7ന് വൈകിട്ട് മൂന്നിന് നെടുമങ്ങാട് ഗവണ്മെന്റ് സ്‌കൂളിൽ നടക്കും. സി.ദിവാകരൻ എം.എൽ.എ ഇടപെട്ടതോടെയാണ് തടസങ്ങൾ നീങ്ങി ട്രഷറി പെൻഷൻകാർക്ക് തുറന്നു കൊടുക്കാൻ തീരുമാനമായത്. വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി ജീവനക്കാരും സ്ഥലസ സൗകര്യമില്ലാതെ പെൻഷൻകാരും ബുദ്ധിമുട്ടുമ്പോൾ റവന്യൂ ടവർ വളപ്പിൽ 2.10 കോടി രൂപ ചെലവിൽ നിർമ്മിച്ച ട്രഷറി മന്ദിരം അടച്ചിട്ടിരിക്കുന്നത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ധനകാര്യവകുപ്പ് ഭരണാനുമതി നൽകിയിട്ടും നടപടികൾ ഇഴയുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എൽ.എ ട്രഷറി ഡയറക്ടറുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. പുതിയ മന്ദിരത്തിൽ ജലവിതരണം നടത്താൻ അധിക തുക ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ജല അതോറിട്ടി, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുമായി എം.എൽ.എ ആശയവിനിമയം നടത്തി. തുടർന്ന് വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുധീറിന്റെ നേതൃത്വത്തിൽ ട്രഷറി കെട്ടിടത്തിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കും തുടക്കമായി.. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മുഴുവൻ പെൻഷൻകാരും പൊതുപ്രവർത്തകരും പങ്കെടുക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.