തിരുവനന്തപുരം: അദ്ധ്യാപകർ നിറഞ്ഞ സദസിൽ നിന്നും ഒരാളെ വേദിയിലേക്ക് മജിഷ്യൻ ഗോപിനാഥ് മുതുകാട് ക്ഷണിച്ചു. ആ അദ്ധ്യാപികയുടെ വാച്ച് ഒരു തൂവാലയിൽ പൊതിഞ്ഞ് പെട്ടിയിലാക്കി അവരുടെ കൈയിൽ തന്നെ കൊടുത്തു. ശേഷം ഏതാനും താക്കോലുകൾ സദസിലേക്ക് നൽകി. പിന്നെ പറഞ്ഞു 'നിങ്ങളുടെ ആരുടേയോ കസേരയുടെ അടിയിൽ ഒരു പെട്ടിയുണ്ട് '. അങ്ങനെ കണ്ടെത്തിയ പെട്ടിയുമായി അദ്ധ്യാപകൻ വേദിയിലെത്തി. സദസിനു നൽകിയ താക്കോലിൽ ഒന്നു ഉപയോഗിച്ച് ആ പെട്ടി തുറന്നു. അകത്ത് മറ്റൊരു പെട്ടി. അങ്ങനെ ഓരോ പെട്ടി തുറന്നപ്പോഴും പുതിയ പെട്ടികൾ. ഒടുവിലത്തെ കുഞ്ഞു പെട്ടിയിൽ നേരത്തെ വന്ന അദ്ധ്യാപികയുടെ വാച്ച്. ആദ്യം വാച്ച് വച്ച പെട്ടി തുറന്നു നോക്കിയപ്പോൾ കാലി!
ഈ മാജിക്കിലൂടെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ ചില പാഠങ്ങൾ കൂടി പഠിപ്പിക്കുകയായിരുന്നു മുതുകാട്. '' വാക്ക് സൃഷ്ടിയുടെ താക്കോലാണ്. ആ താക്കോൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിവുള്ളവരായിരിക്കണം അദ്ധ്യാപകർ. ജീവനില്ലാത്ത ഗൂഗിളിനെക്കാളും പുസ്തകത്തെക്കാളും അറിവു പകരുന്നവരായിരിക്കണം അദ്ധ്യാപകർ''- മുതുകാട് പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും യുണിസെഫും മാജിക് അക്കാഡമിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിലാണ് പരിശീലനവും മാജിക്കും ഒരുമിച്ചത്. ദുരന്തസാഹചര്യങ്ങളെ മനസിലാക്കാനും ഫലപ്രദമായി പ്രതികരിക്കാനും അദ്ധ്യാപകരെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടി പി.ഭാസ്കരൻ മാസ്റ്ററുടെ ആദ്യവിദ്യാലയം എന്ന കവിതയുടെ പശ്ചാത്തലത്തിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ നിർവഹിച്ചു. ഹയർ സെക്കൻഡറി ഡയറക്ടർ സുധീർബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, എസ്.എസ്.എ പ്രോജക്ട് ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ, യുണിസെഫ് ചീഫ് ഫീൽഡ് ഓഫീസർ ജോബ് സക്കറിയ, വി.എച്ച്.എസ്.ഇ ഡയറക്ടർ എ.ഫറൂക്ക് തുടങ്ങിയവർ സംബന്ധിച്ചു.