malinya-nikshepam-

കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ ഡീസന്റ്മുക്കിനും കപ്പാംവിളയ്ക്കും മധ്യേ പാറച്ചേരിയിൽ മാലിന്യ നിക്ഷേപം വ്യാപകമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ അറവു മാലിന്യങ്ങൾ പോളിത്തീൻ കവറുകളിലാക്കി ഇവിടെ നിക്ഷേപിച്ചിരുന്നു. പുലർച്ചെ ഇതു ഭക്ഷിക്കാൻ കൂട്ടത്തോടെയെത്തിയ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പത്ര വിതരണക്കാരും, പ്രഭാത സവരിക്കാരും രക്ഷപ്പെട്ടത്. നായ്ക്കളുടെ ശല്യം വാഹന തടസവും ഉണ്ടാക്കുന്നു. കഴിഞ്ഞ മാസം മാലിന്യം കുമിഞ്ഞു കൂടിയപ്പോൾ സമീപ വാസിയും പ്രവാസിയുമായ പാറച്ചേരിവീട്ടിൽ നിസാം മാലിന്യങ്ങൾ കുഴിച്ചുമൂടി ഇവിടം വൃത്തിയാക്കുകയായിരുന്നു. റോഡിനിരുവശവുമുള്ള കു​റ്റിക്കാടുകൾ വെട്ടിത്തെളിച്ചപ്പോൾ നൂറുകണക്കിന് മദ്യ കുപ്പികളും ലഭിച്ചു. ഇത് എന്തു ചെയ്യണമെന്നറിയാതെ റോഡ് സൈഡിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ് നിസാം. അന്യസ്ഥലങ്ങളിൽ നിന്നുപോലും വാഹനങ്ങളിലെത്തി ഇവിടെ ഇരുന്നു മദ്യപിച്ചശേഷം കുപ്പിയും ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് പോകുന്നവരുണ്ട്. പാറച്ചേരിയിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പലത്തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും കാര്യമായ ഇടപെടലുണ്ടായില്ല. മഴ ശക്തി പ്രാപിക്കുന്നതിനാൽ പനിയും മ​റ്റു പകർച്ചവ്യാധികളും പടർന്നു പിടിക്കുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. അധികൃതർ ഇനിയും നിസംഗത കാട്ടുകയാണെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.