തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസ് ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപക അവാർഡിന് ആയുർവേദ വിഭാഗത്തിൽ ഡോ. ബി. ശ്യാമള അർഹയായി. പ്രിൻസിപ്പൽസ് കോൺക്ളേവിൽ ഗവർണർ പി. സദാശിവം അവാർഡ് സമ്മാനിച്ചു. ആയുർവേദത്തിൽ പിഎച്ച്.ഡി നേടിയ കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ് പ്രഥമ അദ്ധ്യാപക അവാർഡിന് അർഹയായ ഡോ. ബി. ശ്യാമള. ശാസ്ത്രസാങ്കേതിക വിഭാഗം യുവശാസ്ത്രജ്ഞ അവാർഡ്, കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ എം.എം. ഗാനി അവാർഡ്, മികച്ച ആയുർവേദ ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ ധന്വന്തരി അവാർഡ്, ആയുഷ് സി.സി.ആർ.എ.എസിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഭാഗ്യപൂജയിൽ കെ. ചന്ദ്രമോഹന്റെ ഭാര്യയാണ്. തൃശൂർ തൈക്കാട്ടുശേരി, വൈദ്യരത്‌നം ആയുർവേദ കോളേജിൽ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.