തിരുവനന്തപുരം: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് കാർത്തികേയനെ കേന്ദ്രസർക്കാർ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.
ആണവോർജ്ജ വകുപ്പിന് കീഴിലുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. പ്രതിരോധം, സിവിൽ വ്യാമയാനം, വാർത്താവിനിമയം, വാർത്താവിതരണം, ബഹിരാകാശ വികസനം, എണ്ണ പ്രകൃതിവാതകം, വിദ്യാഭ്യാസം തുടങ്ങി തന്ത്രപ്രധാന വിഭാഗങ്ങൾക്കായി ഉപകരണങ്ങളും വോട്ടിംഗ് യന്ത്രംപോലുള്ള ഡിവൈസുകളും വികസിപ്പിക്കുന്ന സ്വതന്ത്രാധികാരമുള്ള സ്ഥാപനമാണിത്. വിവിധ മേഖലയിൽ നിന്നുള്ള അഞ്ച് ഡയറക്ടർമാരെയാണ് കേന്ദ്രസർക്കാർ നിയമിച്ചത്. നാവികസേന മുൻ റിയർ അഡ്മിറൽ സഞ്ജയ് ചൗബയാണ് ചെയർമാൻ.
തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കാർത്തികേയൻ എം.ജി കോളേജ്, തിരുവനന്തപുരം ലാ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലണ്ടൻ ആസ്ഥാനമായുള്ള കോമൺവെൽത്ത് അസോസിയേഷൻ ഒഫ് കോർപറേറ്റ് ഗവേണൻസിൽ ഇൻഫർമേഷൻ സിസ്റ്റംസ് ആഡിറ്റിംഗിൽ പരിശീലനം നേടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ രഞ്ജിത്ത് അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾ നടത്തുന്ന രഞ്ജിത്ത് സ്വദേശി ജാഗരൺ മഞ്ചിന്റെ കേരളത്തിലെ കൺവീനറാണ്. ഇന്റർനാഷണൽ കൗൺസിൽ ഫോർ അൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷന്റെ ആജീവനാന്ത അംഗമാണ്. കോളമിസ്റ്റ്, ടെലിവിഷൻചാനൽ, റേഡിയോ എന്നിവിടങ്ങളിൽ പ്രഭാഷകൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ തിരുവനന്തപുരം ബ്രാഞ്ച് മുൻ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രിയ കാർത്തികേയനാണ് ഭാര്യ. മക്കൾ: ഗൗരി, ഗായത്രി.