വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന കാഴ്ച പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്ഥിരം താമസക്കാരായ ഭിന്നശേഷിക്കാർ യോഗ്യതകളും അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നവംബർ ഏഴിന് രാവിലെ ഒൻപത് മണിക്ക് പൂജപ്പുരയിലെ വികലാംഗക്ഷേമ കോർപ്പറേഷന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. വെബ്‌സൈറ്റ്: www.hpwc.kerala.gov.in ഫോൺ: 0471 2347768, 7152, 7156, 7157.
പുഷ്പാർച്ചന നടത്തും
മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ചരമവാർഷിക ദിനാചരണത്തി
ന്റെ ഭാഗമായി നവംബർ ഒമ്പതിന് രാവിലെ 9.30ന് നിയമസഭാ സമുചയത്തിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി പുഷ്പാർച്ചന നടത്തും.
നിയമസഭാ പരിസ്ഥിതി സമിതി യോഗം എട്ടിന് തൃശൂരിൽ
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ എട്ടിന് രാവിലെ 10 ന് തൃശൂർ ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തും. തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട ഉരുൾപൊട്ടൽ-പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
നവംബർ മാസത്തെ റേഷൻ വിഹിതം
നവംബർ മാസം എൻ.പി.എൻ.എസ് (വെള്ളക്കാർഡ്) വിഭാഗത്തിന് കാർഡ് ഒന്നിന് അരി/ഗോതമ്പ് നാലു കിലോ ഭക്ഷ്യധാന്യവും മൂന്നു കിലോ ആട്ടയും അര ലിറ്റർ മണ്ണെണ്ണയും വിതരണം ചെയ്യും. കൂടാതെ എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുടമകൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസമായി അഞ്ച് കിലോ വീതം അരി കിലോക്ക് ഒരു രൂപ നിരക്കിൽ ലഭിക്കും.
റേഷൻ വിതരണത്തിനുള്ള സമയപരിധി നീട്ടി
ഒക്‌ടോബർ മാസത്തേക്കുള്ള റീട്ടെയിൽ റേഷൻ വിതരണത്തിനുള്ള സമയപരിധി നവംബർ അഞ്ചു വരെ ദീർഘിപ്പിച്ചു. മുൻഗണനേതര വിഭാഗത്തിനുള്ള അധിക വിഹിതം തോട്ടം തൊഴിലാളികൾക്കുള്ള സൗജന്യ അരി വിതരണം നോർമൽ പഞ്ചസാര മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.
വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ കാലാവധിയുള്ള കമ്മേഴ്‌സ്യൽ നഴ്‌സറി, പാലപ്പിള്ളി എന്ന പ്രോജക്ടിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിയമനത്തിന് 12ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.