തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽതന്റെ ബന്ധുവിനെ നിയമിച്ചെന്ന യൂത്ത്ലീഗിന്റെ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് മന്ത്രി കെ.ടി. ജലീൽ ഫേസ്ബുക് പോസ്റ്റിൽ പ്രതികരിച്ചു. അതേസമയം, ബന്ധുവിനെ നിയമിച്ചിട്ടുണ്ടെന്ന് പറയുക വഴി ആരോപണം ഭാഗികമായെങ്കിലും മന്ത്രി സമ്മതിക്കുകയുമാണ്.
പോസ്റ്റിൽ നിന്ന്:
'ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ധനകാര്യസ്ഥാപനമെന്ന നിലയിൽ മെച്ചപ്പെട്ടൊരു ധനകാര്യസ്ഥാപനത്തിൽ ജോലിയുള്ള ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാനാണ് അപേക്ഷ ക്ഷണിച്ചത്. ഏഴ് പേർ അപേക്ഷിച്ചു. മൂന്ന് പേർ ഇന്റർവ്യൂവിന് ഹാജരായി. യോഗ്യതയില്ലാത്തതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളെ ആവശ്യമായതിനാൽ നേരത്തേ നൽകിയ ഏഴ് അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ.എ.പി. അബ്ദുൾവഹാബും എം.ഡി റിട്ട.എസ്.പി അക്ബറും യോഗ്യതയുണ്ടായിരുന്ന ഒരേയൊരാളെ ബന്ധപ്പെട്ടു. അദീപ് സൗത്ത് ഇന്ത്യൻബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായിരുന്നു. ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താല്പര്യമില്ലാത്തതിനാലാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്ന് അറിയിച്ചു. ന്യൂനപക്ഷ കോർപ്പറേഷന് കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രോജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കാൻ വേറെയാളെ കിട്ടുന്നതുവരെ ഡെപ്യൂട്ടേഷനിൽ വരണമെന്ന് അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് വന്നത്. സൗത്ത് ഇന്ത്യൻബാങ്കിലെ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിച്ചു. യോഗ്യതയും പരിചയസമ്പത്തുമുള്ള ആരെയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സർക്കാരിനധികാരമുണ്ട്. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചുപോകുന്ന ചിലരിലൊരാളാണ് ആരോപണമുന്നയിച്ച ഫിറോസ്. സത്യമേ ജയിക്കൂ. ഇതിലൊന്നും ഭയമില്ല.