കാട്ടാക്കട: ക്ഷേത്രങ്ങളിൽ കടന്നുകയറി വിഗ്രഹങ്ങൾ മറിച്ചിടുകയും മോഷണം നടത്തുകയും ചെയ്‌തയാൾ പിടിയിൽ. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് താഴെ കുണ്ടാമം സരോജ വിലാസത്തിൽ ജയകുമാർ എന്ന സാമ്പാർ ബാബു (58) ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ആമച്ചൽ ത്രികാഞ്ഞിരപുരം മഹാദേവ ക്ഷേത്രം, നാഞ്ചല്ലൂർ ദേവീക്ഷേത്രം, തുണ്ടുവിള ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ചയും നാഗ വിഗ്രഹങ്ങൾ മറിച്ചിടുകയും ചെയ്‌ത കേസിലാണ് ഇയാളെ അറസ്റ്റുചെയ്‌തത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച വിളക്കുകൾ കാട്ടാക്കടയിൽ വില്ക്കാനെത്തിയപ്പോൾ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവ സ്ഥലങ്ങളിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ച് പ്രതി ഇയാളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കാട്ടാക്കട സി ഐ കെ വിജയരാഘവൻ പറഞ്ഞു.