ktjaleel
ktjaleel

കോഴിക്കോട്: ബന്ധു നിയമന കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഭാഗികമായി തെറ്റ് സമ്മതിക്കുന്ന തരത്തിൽ സ്വയം ന്യായീകരിച്ചതിന് പിന്നാലെ മുസ്‌ലീം ലീഗ് സ്വന്തം നിലയിലും യു.ഡി. എഫ് പൊതുവായും അദ്ദേഹത്തിനെതിരെ പടയൊരുക്കം ശക്തമാക്കുന്നു.

ബന്ധു നിയമനത്തിനെതിരെ ആഞ്ഞടിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. മന്ത്രി ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് അവർ ഇന്നലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. ഇന്ന് പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പ്രകടനം നടത്തും.തിങ്കളാഴ്ച ന്യൂനപക്ഷ വികസന കോർപ്പറേഷൻ ഒാഫീസിലേക്ക് മാർച്ച് നടത്തും.മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി യൂത്ത് ലീഗ് പ്രതിനിധികൾ ഗവർണറെ കാണും.

മുസ്ളിം ലീഗും കോൺഗ്രസും പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്. സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ ജലീലിനെ മാറ്റിനിറുത്തി അന്വേഷിക്കണമെന്ന് ഒന്നുകൂടി കടത്തിപ്പറഞ്ഞിരിക്കയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. പി.എ മജീദും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ. പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് ജലീലിനും ബാധകമാണെന്നാണ് യു. ഡി. എഫിന്റെ വാദം. ലീഗ് വിട്ട് സി. പി. എമ്മിലേക്ക് പോവുകയും ഉന്നത നേതാവായ പി. കെ. കുഞ്ഞാലിക്കുട്ടിയെ ഒരു തവണ തോൽപ്പിക്കുകയും ചെയ്ത ജലീലിനെ പ്രഹരിക്കാനുള്ള സുവർണാവസരമായാണ് ലീഗ് ഇതിനെ കാണുന്നത്.

ജലീലിനെ സി. പി. എം കൈവിടാനിടയില്ല

ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചെന്ന ആരോപണം ഭാഗികമായി മന്ത്രി ജലീൽ സമ്മതിച്ചെങ്കിലും അതിൽ ക്രമക്കേടോ അനധികൃത നീക്കങ്ങളോ നടന്നില്ലെന്ന അദ്ദേഹത്തിന്റെ വാദം സി.പി.എമ്മും സർക്കാരും മുഖവിലയ്ക്കെടുത്തേക്കും. ഡെപ്യൂട്ടേഷൻ നിയമനമാണെന്നതും സർക്കാരിന് അധിക ബാദ്ധ്യത വരുത്തുന്നില്ലെന്നതുമാകും ഇതിന് പിടിവള്ളിയാക്കുക. ജലീലിന് ഇക്കാര്യത്തിൽ മറ്റ് താല്പര്യങ്ങളില്ലായിരുന്നെന്ന വാദവും പരിഗണിച്ചേക്കും.

അതേസമയം, സ്വജനപക്ഷപാത ആരോപണം ഉയർന്നതിനാൽ മന്ത്രിയെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം രംഗത്തിറങ്ങിക്കഴിഞ്ഞു.

ബന്ധു നിയമിതനായിട്ടുണ്ട് എന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണം ശക്തിപ്പെടുത്തി പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിച്ചേക്കും. ഇതേ ആരോപണത്തിലാണ് മന്ത്രി ഇ.പി. ജയരാജൻ മുമ്പ് രാജി വച്ചത് എന്നതും പ്രതിപക്ഷ ആക്രമണത്തിന് ബലം കൂട്ടും.

പ്രതിപക്ഷം ആക്രമണം ശക്തമാക്കിയാൽ, സി.പി.എമ്മും ഇടത് നേതൃത്വവും പ്രതിരോധത്തിലാവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് മറ്റൊരു തലവേദനയാകാനും മതി. ഈ മാസം 26ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. സമ്മേളനത്തിൽ പ്രതിപക്ഷ ആക്രമണത്തെ കൊഴുപ്പിക്കാൻ ജലീലിനെ ചൊല്ലിയുയർന്ന വിവാദം ഉപയോഗിക്കാൻ പ്രതിപക്ഷം എന്തായാലും മടിക്കില്ല.

ബ്രൂവറി വിവാദ ഉത്തരവുകൾ പിൻവലിച്ച് തടിയൂരിയത് പോലെ ഇവിടെയും നിയമന ഉത്തരവ് റദ്ദാക്കാനും മതി. ഡെപ്യൂട്ടേഷൻ നിയമനമായത് കൊണ്ട് വലിയ തലവേദനയുമുണ്ടാകില്ല.