balabhaskar-accident

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച അപകടത്തിന്റെ സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകടസമയത്ത് താനും കുഞ്ഞും വാഹനത്തിന്റെ മുൻസീറ്റിൽ ആയിരുന്നു. ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നെന്നും ദീർഘദൂര യാത്രകളിൽ സാധാരണ ബാലഭാസ്‌കർ വണ്ടിയോടിക്കാറില്ലെന്നും ലക്ഷ്മി ഇന്നലെ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് മൊഴി നൽകി. എന്നാൽ വാഹനമോടിച്ചത് ബാലഭാസ്‌കറാണ് എന്നായിരുന്നു അർജുന്റെ മൊഴി. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുള്ളത് വിശദമായി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും.


ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം സെപ്തംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ഒക്ടോബർ രണ്ടിന് മരണത്തിന് കീഴടങ്ങി.


തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലക്ഷ്മി ഡിസ്ചാർജ് ആയി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ശരീരത്തിലെ മുറിവുകൾ ഏറക്കുറെ ഉണങ്ങിക്കഴിഞ്ഞ ലക്ഷ്മിക്ക് ഭക്ഷണം കഴിക്കാനും സംസാരിക്കാനുമൊക്കെ കഴിയുന്നുണ്ട്. വലതുകാലിലെ പരിക്ക് കൂടി ഭേദമായാൽ നടന്നു തുടങ്ങാം.