തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന ആറ് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിലുണ്ടാകും. 7 മുതൽ തുലാവർഷം സംസ്ഥാനമെമ്പാടും ശക്തിപ്പെടും.

ഇന്നലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴ ലഭിച്ചു. നെയ്യാർഡാമിലെ മൂന്ന് ഷട്ടറുകളും പേപ്പാറയിലെ ഒരു ഷട്ടറും തുറന്നു. ഇതോടെ നെയ്യാറിലെയും കരമനയാറിലെയും ജലനിരപ്പ് ഉയർന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴയുണ്ടാകും.

സാധാരണ ഒക്ടോബർ പകുതിയോടെ എത്തേണ്ട തുലാവർഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റും ആവർത്തിച്ചുള്ള ന്യൂനമർദ്ദവുമാണ് തുലാമഴ വൈകാൻ കാരണം. ഡിസംബർ പകുതി വരെയെങ്കിലും തുലാവർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആഗസ്റ്റിൽ പ്രളയമുണ്ടായ സാഹചര്യത്തിൽ ഡാമുകളുടെ പ്രവർത്തനം സദാ നിരീക്ഷിച്ചുവരികയാണ്. ആനയിറങ്കൽ ഉൾപ്പെടെ ഏതാനും ഡാമുകളിൽ 90 ശതമാനത്തിലേറെ ജലനിരപ്പുണ്ട്. ഇടുക്കിയിൽ 82 ശതമാനമാണ് ജലനിരപ്പ്.