കോവളം : ഹാജർ തികയാത്തതിനാൽ പരീക്ഷയെഴുതാനാവില്ലെന്നറിഞ്ഞ വിഷമത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കാറ്ററിംഗ് കോളേജ് വിദ്യാർത്ഥിയും കൊൽക്കത്ത സ്വദേശിയുമായ സ്വർണേന്ദു മുഖർജിക്ക് (18) തൈക്കാട് ശാന്തികവാടത്തിൽ അന്ത്യ വിശ്രമമൊരുക്കി. സഹപാഠിയെ അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരമർപ്പിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തി. മകന്റെ ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുന്നതിന് അച്ഛൻ ദിയാതാ മുഖർജിയും അമ്മ സ്വാഗത മുഖർജിയും ബന്ധുക്കളും സാക്ഷിയായി. സ്വർണേന്ദുവിന്റെ മരണവിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 8മണിയോടെ ഇവർ കോവളത്തെത്തുകയായിരുന്നു. സ്വർണേന്ദുവിന് ഹാജർ കുറവായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന വിവരം രക്ഷാകർത്താക്കളെ അറിയിക്കാത്ത കോളേജ് അധികൃതരാണ് മകന്റെ മരണത്തിന് ഉത്തരവാദികളെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോവളം പൊലീസിൽ പരാതി നൽകി. കോവളം പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയ ബന്ധുക്കൾ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉറ്റവരും സഹപാഠികളും നൽകിയ യാത്രാമൊഴിക്കൊടുവിൽ ഉച്ചയോടെ സ്വർണേന്ദുവിന്റെ മൃതശരീരം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. കോളേജ് അധികൃതരുടെ നിരുത്തരവാദത്തിനെതിരെ ഇന്നലെയും പ്രതിഷേധം ഉയർന്നു. കോവളം ബ്ളോക്ക് പ്രസിഡന്റ് കോട്ടുകാൽ വിനോദിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസുകാർ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോളേജിലേക്ക് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിനിടയാക്കി. ഗേറ്റ് തള്ളിത്തുറന്ന് കാമ്പസിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഒടുവിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.