പൊലീസിൽ ജോലി ചെയ്യുമ്പോൾ ചില ഗുണങ്ങൾ പൊലീസ് ഒാഫീസർമാർക്ക് അത്യന്താപേക്ഷിതമാണ്. അവ വിശ്വസ്തത. സത്യസന്ധത, . നിർഭയത്വം , സൗഹാർദ്ദത. സഹാനുഭൂതി മുതലായവയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പൊലീസ് ഒാഫീസർക്ക് വേണ്ട ഏറ്റവും വലിയ ഗുണം നിർഭയത്വം ആണ്.
ഒരു പൊലീസ് ഒാഫീസറെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വങ്ങൾ ഏറെയാണ്. ഒരു കലാപമോ അപകടമോ മറ്റെന്തെങ്കിലും അനിഷ്ട സംഭവമോ ഉണ്ടാവുകയാണെങ്കിൽ ആദ്യം ആ വിവരം ലഭിക്കുന്നത് പൊലീസിനായിരിക്കും. ഒരു പൊലീസ് സ്റ്റേഷനിൽ കിട്ടുന്ന വിവരത്തിന് പിറകെ പോകുമ്പോൾ കൂടെ സഹപ്രവർത്തകരുണ്ടോ വണ്ടി ഉണ്ടോ എന്നൊന്നും നോക്കാതെ ലഭ്യമായ സൗകര്യങ്ങൾ വച്ച് സംഭവസ്ഥലത്തെത്താൻ പൊലീസുദ്യോഗസ്ഥൻ ബാദ്ധ്യസ്ഥനാണ്. മിക്ക പൊലീസുകാരും ജീവൻ പണയം വച്ചാവും തന്നിൽ നിക്ഷിപ്തമായ കർത്തവ്യം നിർവഹിക്കുന്നത്. ശാസ്ത്രരംഗവും സൈബർ മേഖലയും ഇന്ന് വളരെയേറെ വളർച്ച പ്രാപിച്ചിരിക്കുന്നു. എങ്കിലും ഒരു പ്രതിയെ പിടികൂടണമെങ്കിൽ ചിലപ്പോൾ ജീവൻ പണയംവച്ച് പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ടിറങ്ങണം. മുകളിൽ ഞാൻ സൂചിപ്പിച്ച ഗുണമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലു്ള കർത്തവ്യങ്ങൾ വേണ്ടരീതിയിൽ നിർവഹിക്കുവാൻ സാധിക്കുകയുള്ളു.
എൻ. ശ്രീമുകുന്ദൻ ഇൗ ഗുണം വേണ്ടുവോളമുള്ള പൊലീസ് ഒാഫീസറായിരുന്നു.
1993 ജൂൺ മുതൽ 1995 ജൂൺ വരെ രണ്ടുവർഷം അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇൗ കാലയളവിൽ എത്രയോ പ്രാവശ്യം ഞങ്ങൾ സെക്രട്ടേറിയറ്റിനുമുൻപിൽ ഉന്തും തള്ളും സഹിച്ചു ജനങ്ങളെ നിയന്ത്രിച്ചു. തീരദേശങ്ങളിൽ കാട്ടുതീ പോലെ പടരുന്ന പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും ഞങ്ങൾ അവിടെ ഒാടിയെത്തുകയും നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ഇൗ സമയത്ത് മുകുന്ദന്റെ ഭാഗത്തുനിന്നുണ്ടായ പിന്തുണ വിസ്മരിക്കാവുന്നതല്ല.
തിരുവനന്തപുരം പട്ടണത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നിരുന്ന ഒരു സന്ദർഭത്തിൽ അറുന്നൂറോളം പ്രതികളെ പിടികൂടാൻ സാധിച്ചതിൽ എൻ. മുകുന്ദന്റെ പങ്ക് വളരെ വലുതാണ്. ആ കാലഘട്ടത്തിൽ വളരെ ക്രൂരമായ ബലാൽസംഗ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ കുറ്റകൃത്യത്തിനുശേഷം അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിരുന്ന സന്ദർഭത്തിൽ പൊലീസ് സ്പെഷ്യൽ ടീം ഉണ്ടാക്കുകയും ഒാരോ ടീമും പ്രതികളെ കണ്ടെത്തി കേസെടുക്കുകയും കുറ്റവാളികളെ കോടതി ശിക്ഷിക്കുകയും ചെയ്തതാണ്.ആ അവസരത്തിലും എൻ. മുകുന്ദന്റെ സ്തുത്യർഹമായ സേവനം എടുത്തുപറയേണ്ടതാണ്.
പൊലീസിനെക്കൊണ്ട് നാട്ടുകാർക്ക് ലഭിക്കുന്നത് സുരക്ഷിതത്വമാണ്. മോഷണമോ മറ്റേതെങ്കിലും തരത്തിലുള്ള ജനങ്ങളിൽ ഭീതിയുളവാക്കുന്ന പ്രവർത്തനമോ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധ പുലർത്തുക പൊലീസിന്റെ ദൗത്യമാണ്. അഥവാ ഉണ്ടായാൽ തന്നെ അത് കണ്ടെത്തുകയും ജനങ്ങളെ ഭീതിയിൽ നിന്നകറ്റി സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് പൊലീസാണ്. മുകുന്ദൻ വളരെ കഴിവോടുകൂടി ഇത്തരം സാഹചര്യങ്ങളെ നേരിട്ടു.
കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കാം ശ്രീ മുകുന്ദൻ പഞ്ചാബ് കേഡറിലെ ഐപിഎസ് ഒാഫീസർ ആയിരുന്ന കെ.പി.എസ് ഗില്ലിന്റെ ഒരു വലിയ ആരാധകനായിരുന്നുവെന്നത്. കെ.പി.എസ് ഗിൽ ഭീകരർക്കെതിരെ എടുത്ത നടപടിയെ ഞാൻ അനുകൂലിക്കുന്നതുപോലെ മുകുന്ദനും പ്രസ്തുത നടപടി വളരെ നല്ലതായിരുന്നുവെന്ന അഭിപ്രായക്കാരനായിരുന്നു. കെ.പി.എസ് ഗില്ലിനോടുള്ള ആരാധന കൊണ്ടാണോയെന്നറിയില്ല; സിഖ് വേഷത്തിൽ തലപ്പാവും വച്ച് മുകുന്ദൻ നിൽക്കുന്ന ഫോട്ടോ ഞാൻ മുകുന്ദന്റെ വീട്ടിൽ കണ്ടിട്ടുണ്ട്.
ഒരു പൊലീസ് ഒാഫീസർ ഗാരീരികക്ഷമത ഉള്ളവനും അത് നിലനിറുത്തുന്നവനും ആയിരിക്കണം. അദ്ദേഹം നല്ലൊരു കുതിരസവാരിക്കാരനായിരുന്നു. പ്രഭാതത്തിൽ രണ്ടുമണിക്കൂർ കുതിരസവാരി അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. സിറ്റിയിലൂടെ സഞ്ചരിക്കുന്ന ആളുകൾക്ക് ഒരു സുരക്ഷിതത്വബോധം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ കുതിരസവാരിമൂലം സാധിച്ചു. പൊലീസ് സേനയിൽ അച്ചടക്കം എങ്ങനെ പാലിക്കണം എന്നത് മുകുന്ദനിൽനിന്നും പഠിക്കേണ്ടതാണ്. തന്റെ കീഴ് ഉദ്യോഗസ്ഥരെ സ്നേഹത്തോടെ നയിക്കാൻ മുകുന്ദനുണ്ടായിരുന്ന കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഒരിക്കൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണ നടക്കുന്ന സമയത്ത് മുകുന്ദൻ പറഞ്ഞത് ഒാർമ്മ വരുന്നു. മുകുന്ദന് ആ സമയത്ത് ഏകദേശം ഇരുപത്തിയഞ്ചുവർഷത്തെ സർവീസ് ആയികാണും. അദ്ദേഹം പറഞ്ഞു. ''സർവീസിനിടയ്ക്ക് എത്ര കണ്ണീർവാതകം, ലാത്തിച്ചാർജ്, ഫയറിംഗ് എന്നിവ പ്രയോഗിക്കേണ്ടിവന്ന സാഹചര്യങ്ങൾ ഉണ്ടായിയെന്ന് ഒാർമ്മപോലുമില്ല. പ്രഷുബ്ധമായ ആൾക്കൂട്ടം ഉള്ളപ്പോൾ പല്ല് കാണിക്കാൻപോലും പാടില്ല. സാഹചര്യം നോക്കിയേ പെരുമാറാവൂ. ഗൗരവപൂർണമായ സാഹചര്യത്തിൽ നമ്മളും ഗൗരവമായിട്ടിരിക്കണം. സ്ഥിതിഗതികൾ ശാന്തമാണെങ്കിൽ നമ്മളും ശാന്തമായിട്ടിരിക്കണം.""
ഒരു പൊലീസ് ഒാഫീസറെ കണ്ടാൽ അദ്ദേഹം ഒൗദ്യോഗികവേഷത്തിൽ അല്ലെങ്കിലും അയാൾ ഒരു പൊലീസ് ഒാഫീസറാണെന്ന് വ്യക്തിത്വം കണ്ട് മനസിലാക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. മുകുന്ദന്റെ മീശയും വ്യക്തിത്വവും പറയാതെതന്നെ അദ്ദേഹത്തിന് പൊലീസ് ഒാഫീസറുടെ പരിവേഷം നൽകുന്നു.(സംസ്ഥാന എക്സൈസ് കമ്മീഷണറാണ് ലേഖകൻ)