തിരുവനന്തപുരം: കോർപറേഷൻ, മുനിസിപ്പാലിറ്റി ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. എൻജിനിയറിംഗ് വിഭാഗത്തിൽ കെട്ടിട നിർമ്മാണങ്ങൾക്ക് അനുമതി നല്കുന്നതിലും മറ്റും വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കെട്ടിട നിർമ്മാണ പെർമിറ്റിന് ലഭിക്കുന്ന അപേക്ഷകളിൽ കൈക്കൂലിക്ക് വേണ്ടി മനഃപൂർവം കാലതാമസം വരുത്തുന്നതായും നിലവിലെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് രഹസ്യ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മിന്നൽ പരിശോധന.
സേവനാവകാശ കാലാവധി കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണ അനുമതി നൽകാത്ത 2900ൽ പരം അപേക്ഷകളും ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകാത്ത 1200ൽ പരം അപേക്ഷകളും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം കോർപറേഷനിൽ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം പോലും ലഭ്യമല്ല. ബഹുനില മന്ദിരങ്ങൾക്ക് സെല്ലാർ ഫ്‌ളോർ നിർമ്മിക്കുന്നതിന് റവന്യു, ജിയോളജി വകുപ്പുകളുടെ അനുമതി വേണമെന്നിരിക്കെ ഒട്ടുമിക്കതും അനുമതി വാങ്ങാതെയാണ് നിർമിക്കുന്നത്. പാർക്കിംഗ് ഏരിയ, ടോയ്‌ലെറ്റുകൾ തുടങ്ങിയവയ്ക്ക് കെട്ടിട നിർമ്മാണ ചട്ടമനുസരിച്ചല്ല അധികൃതർ അനുമതി നൽകിയിരിക്കുന്നത്.
ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് കിട്ടിയ കെട്ടിടങ്ങൾ പലതും അനുമതി പ്രകാരമല്ല നിർമ്മിച്ചിരിക്കുന്നത്.
49 മുനിസിപ്പാലിറ്റിയിലും 5 കോർപറേഷനിലും ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിയാണ് അവസാനിച്ചത്. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
രജിസ്റ്റർ പേരിനുമില്ല
ഒട്ടുമിക്ക കോർപറേഷൻ, മുനിസിപ്പാലിറ്റി ഓഫീസുകളിലും ബിൽഡിംഗ് പെർമിറ്റ് അപേക്ഷാ രജിസ്റ്റർ, ബിൽഡിംഗ് പെർമിറ്റ് ഇഷ്യൂ രജിസ്റ്റർ,
ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് രജിസ്റ്റർ, മൂവ്‌മെന്റ് രജിസ്റ്റർ, പേഴ്സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്റർ എന്നിവ കൃത്യമായി സൂക്ഷിക്കുന്നില്ല.
ഇന്നലെ വിജിലൻസ് പരിശോധനയ്ക്കെത്തിയപ്പോൾ, തിരുവനന്തപുരം കോർപറേഷനിലെ എൻജിനിയറിംഗ് ഡിവിഷനിലെ മുപ്പതോളം ഉദ്യോഗസ്ഥർ മൂവ്‌മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മുങ്ങിയിരിക്കുകയായിരുന്നു.