മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ കുറേവർഷങ്ങളായി നാഥനില്ലാ കളരിയാണ്. സുപ്രീംകോടതി അന്തിമവാക്ക് പറയുമ്പോഴേക്കും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടും. പ്രവേശന പരീക്ഷാ കമ്മിഷണർ, പ്രവേശന നടപടികൾ ആരംഭിക്കും മുമ്പ് എത്ര മെഡിക്കൽ കോളേജുകൾക്ക് അംഗീകാരമുണ്ടെന്നും എത്ര സീറ്റുകൾ ഏതൊക്കെ വിഭാഗങ്ങൾക്കായി നീക്കിവച്ചെന്നും ഫീസ് എത്രയെന്നും പ്രോസ്പെക്ട്സിൽ രേഖപ്പെടുത്തണം. സമയോചിതമായി അലോട്ട്മെന്റ് നടപടികൾ നടത്താതെ കുറേവർഷങ്ങളായി സ്പോട്ട് അഡ്മിഷൻ മാമാങ്കം നടത്തപ്പെടുന്നു. പ്രവേശനം നേടിയ വിദ്യാർത്ഥികൾ വീട്ടിലെത്തുമ്പോൾ പ്രവേശനം നേടിയ കോളേജുമില്ല കൈയിലിരുന്ന പണം പ്രവേശന കമ്മിഷണർ വാങ്ങുകയും ചെയ്തു!
ആരോഗ്യ സർവകലാശാല യഥാസമയം കോളേജുകൾ പരിശോധിക്കില്ല. മറ്റ് അംഗീകാരങ്ങൾ ഉണ്ടെങ്കിലും സർവകലാശാലാ അംഗീകാരമില്ലാത്തതിനാൽ പ്രവേശനം നേടി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ഉത്തരവിലൂടെ പരീക്ഷയെഴുതേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഒരിക്കൽ അംഗീകാരം നൽകിയ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കലും പൊളിച്ചുമാറ്റപ്പെടുന്നില്ല. സർവകലാശാലയുടെ അനുമതിയോടെ മാത്രമേ അദ്ധ്യാപകമാറ്റം അനുവദിക്കാവൂ. സർവകലാശാല വെബ്സൈറ്റിൽ അദ്ധ്യാപകരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്തണം. മുൻവർഷങ്ങളിൽ പ്രവേശനം പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞാണ് അന്തിമ ഫീസ് ഘടന പുറപ്പെടുവിച്ചത്. ഫീസിന് ഏകീകൃതസ്വഭാവം കാണുന്നില്ല. ഒരേ റാങ്ക് ലിസ്റ്റിൽനിന്നും പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഫീസിന്റെ 400 ശതമാനം വരെ വർദ്ധിപ്പിച്ച് 20 ലക്ഷം രൂപ വരെ പ്രതിവർഷം വാങ്ങുന്ന രീതിയിലാണ് ഫീസ് ഘടന നടപ്പാക്കിയത്. സ്വാശ്രയ മാനേജ്മെന്റ് കോളേജുകളിലെ 15 ശതമാനം സീറ്റുകൾ എൻ.ആർ.ഐ വിഭാഗത്തിന് മാറ്റിവച്ചതിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും 25 ലക്ഷം രൂപയാണ് വാങ്ങിയത്. മേൽനോട്ട സമിതി ഫീസിന് പുറമേ, ഇത് മുൻകാലങ്ങളിൽ കോളേജ് മാനേജ്മെന്റ് തലവരി പണമായി വാങ്ങിയ തുകയ്ക്ക് സമാനമാണിത് . ബി.പി.എൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനെന്ന പേരിലാണ് പിരിവ്. എൻ.ആർ.ഐകൾ അല്ലാത്ത സ്പോൺസേർഡ് വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും പണപ്പിരിവ് നടത്തുന്നുണ്ട്.
അർഹതപ്പെട്ടവർക്ക് ഫീസ് നൽകാൻ പട്ടികജാതി - പട്ടികവർഗ പിന്നാക്ക ന്യൂനപക്ഷ വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞവർഷം കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും വിദ്യാർത്ഥികൾ മറ്റു സംസ്ഥാനത്തേക്ക് ചേക്കേറുകയും ചെയ്തു. ബി.പി.എൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനായി മണലാരണ്യത്തിൽ ജോലി ചെയ്യുന്ന ഒരു മലയാളി 25 ലക്ഷം രൂപ നൽകേണ്ട ഗതികേട്. പരിയാരം മെഡിക്കൽ കോളേജിലെ എൻ.ആർ.ഐ സീറ്റിന് കഴിഞ്ഞ വർഷം ഇൗ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി പക്ഷപാതപരമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് പലപ്പോഴും സ്വാശ്രയ മാനേജ്മെന്റുകൾ തയ്യാറാക്കിയ സീറ്റ് ഘടന അംഗീകരിച്ചുകൊടുക്കാറുണ്ട്. അനന്തരഫലം റവന്യൂ ആധികാരികളെ നോക്കുകുത്തിയാക്കി മതമേലദ്ധ്യക്ഷന്മാർ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ പ്രവേശനം നേടിയ നടപടികൾ നാം കണ്ടതാണ്. എം.ബി.ബി.എസ് കോഴ്സിന് അപേക്ഷ ക്ഷണിക്കുമ്പോൾ ജാതിമത വരുമാന സർട്ടിഫിക്കറ്റുകൾ മുൻകൂർ സമർപ്പിക്കുന്നത് ഒഴിവാക്കിയാൽ റവന്യൂ അധികാരികളുടെ ജോലിഭാരം കുറയുകയും അയ്യായിരത്തിനടുത്തോളം സീറ്റിനുവേണ്ടി ഒരു ലക്ഷത്തോളം ആൾക്കാർ റവന്യൂ ഒാഫീസ് കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കുകയും ചെയ്യാം. പ്രവേശനം ലഭിച്ചവർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകുകയും ചെയ്യാം. പരീക്ഷ കമ്മിഷണറും ആരോഗ്യ സർവകലാശാലയും മേൽനോട്ട സമിതിയും ആരോഗ്യവകുപ്പും സംയുക്തമായി ജാഗ്രതയോടെ പ്രവർത്തിക്കാൻ കോടതിവിധി പ്രയോജനപ്പെടട്ടെ.
അനിൽ ബോസ് എ.
(ലേഖകൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ അംഗീകൃത കരിയർ ഗൈഡാണ് ഫോൺ : 9447358647 )