firetvm

പോത്തൻകോട്:മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിച്ച പ്ലാസ്റ്റിക് കമ്പനിയുടെ പ്രവർത്തനാനുമതി തടഞ്ഞ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഡയറക്ടർ പി. പ്രമോദ് ഉത്തരവിറക്കി. കമ്പനി മാനേജമെന്റിന് ഇന്നലെ ഇതിന്റെ നോട്ടീസ് നൽകി.

തീപിടിച്ച രണ്ട് കെട്ടിടങ്ങളിലെ പ്രവർത്തനങ്ങൾ പൂർണമായി നിരോധിച്ചു. മറ്റ് കെട്ടിടങ്ങൾക്ക് വ്യവസ്ഥകൾക്ക് വിധേയമായേ പ്രവർത്തനാനുമതി നൽകൂ. അതിന് വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന സേഫ്‌റ്റി ആഡിറ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഫയർ ആൻഡ് റെസ്‌ക്യൂവിന്റേയും ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടർ അനുമതി നൽകൂ. തിങ്കളാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം കമ്പനിയിൽ വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ഡിസംബറിൽ കമ്പനിയിൽ വകുപ്പ് നടത്തിയ സേഫ്‌റ്റി ആഡിറ്റിൽ കണ്ടെത്തിയ പോരായ്‌മകൾ മാനേജ്‌മെന്റ് പരിഹരിച്ചില്ല എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കമ്പനിയുടെ പ്രൊഡക്‌ഷൻ സെന്ററിൽ ഉൾപ്പെടെ ആകെ 34 ഫയർ എക്‌സ്റ്റിംഗ്വിഷറുകളാണ് ഉണ്ടായിരുന്നത്. അവയാകട്ടെ ആദ്യ തീപിടിത്തത്തിൽ കാലിയായിരുന്നു. പ്രാഥമിക പരിശോധനാ റിപ്പോർട്ട് വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തൊഴിൽവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയതായി ഡയറക്ടർ പറഞ്ഞു.