തിരുവനന്തപുരം: ഫാമിലി പ്ലാസ്റ്റിക്‌സിൽ തിങ്കളാഴ്ച മുതൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ ഫയർ സേഫ്ടി ഓഡിറ്റിംഗ് നടത്തും. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച ഓഡിറ്റിംഗ് സമാപിക്കും. തീപിടിക്കാൻ ഇടയായതിനു പിന്നിൽ മൂന്ന് സാദ്ധ്യതയാണുള്ളതെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നിഗമനം. ഷോർട്ട് സർക്യൂട്ട്, പോളിത്തീൻ കവർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന ഹീറ്ററിൽനിന്നുള്ള തീപ്പൊരി ഇത് രണ്ടുമല്ലെങ്കിൽ സിഗരറ്റ് കുറ്റിയിൽനിന്നോ ഇതിനു സമാനമായ വസ്തുക്കളിൽനിന്നോ തീപിടിച്ചതായിരിക്കാമെന്നാണ് നിഗമനം. എന്നാൽ ഏത് കാരണത്താലാണ് തീപിടിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് കൊല്ലം ജോയിന്റ് ഡയറക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ശനിയാഴ്ചയും സംഭവസ്ഥലത്ത് പരിശോധന നടത്തി. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ തീപിടിച്ച കെട്ടിടത്തിൽ പ്രവർത്തനം ഇനി സാദ്ധ്യമല്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷക സംഘത്തിന് സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. തീപിടിക്കുന്നതിന് തൊട്ട് മുമ്പ് വരെയുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തിലെ കാമറകൾ ഭൂരിഭാഗവും കത്തിപ്പോയിരുന്നു. എന്നാൽ അഗ്‌നിബാധയില്ലാതിരുന്ന കെട്ടിടത്തിലായിരുന്നു സെർവർ. കാമറകൾ കത്തിപ്പോകുന്നതിന് മുമ്പ് വരെയുള്ള ദൃശ്യങ്ങൾ സെർവറിലുണ്ട്. സെർവറിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് ഫയർഫോഴ്‌സും പൊലീസും. തീപിടിക്കാൻ ഇടയായ കാരണവും അട്ടിമറിയുണ്ടെങ്കിൽ അതിനുള്ള തെളിവും ദൃശ്യങ്ങളിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷക സംഘം. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ദൃശ്യങ്ങൾ തിങ്കളാഴ്ച പരിശോധിക്കും. ഫൊറൻസിക്, രാസ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുളളത്. ഫലം ലഭ്യമാകുന്നതോടെ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകും. പൊലീസ് അന്വേഷണത്തിന് ഡെപ്യൂട്ടി കമീഷണർ ആർ. ആദിത്യയും ഫയർഫോഴ്‌സിന്റെ അന്വേഷണത്തിന് ടെക്‌നിക്കൽ ഡയറക്ടർ ആർ.പ്രസാദുമാണ് നേതൃത്വം നൽകുന്നത്.