തിരുവനന്തപുരം: നഗരസഭയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. നഗരസഭയിലെ എൻജിനീയറിംഗ് ഡിവിഷനിലെ 30 ഓളം ഉദ്യോഗസ്ഥർ അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇവരുടെ പേര് മൂവ്‌മെന്റ് രജിസ്റ്ററിൽ പോലും രേഖപ്പെടുത്തിയിട്ടില്ല. പരിശോധനാ സമയത്ത് വിജിലൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടുപിടിച്ചത്. പരിശോധനയിൽ കുടിയടപ്പ് നടപടികൾ സ്വീകരിക്കാത്ത നിരവധി അപേക്ഷകളാണ് കണ്ടെത്തിയത്. ഇത്തരത്തിൽ പിടിച്ചെടുത്ത കുടിയടപ്പ് രേഖകളിൽ അപേക്ഷ ലഭിച്ച് ഒന്നര വർഷത്തോളമായിട്ടും നടപടി സ്വീകരിക്കാത്ത രേഖകളുമുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഇത്തരത്തിൽ നടപടികൾ മനപൂർവം വൈകിക്കുന്നതാണോയെന്ന് പരിശോധിക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നഗരസഭ, മുനിസിപ്പാലിറ്റി ഓഫീസുകളിലെ എൻജിനീയറിംഗ് വിഭാഗത്തിൽ കെട്ടിട നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നതിലും മറ്റും വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടന്നത്.