തിരുവനന്തപുരം: ലഹരികടത്തുകാരെയും മറ്റും നേരിടാൻ
എക്സൈസിന് ആധുനിക വയർലെസ് സംവിധാനം.അടുത്ത ആഴ്ച ലൈസൻസ് ലഭിച്ചേക്കും. കേന്ദ്ര വാർത്താവിതരണ മന്ത്രായലത്തിന് ലൈസൻസ് ഫീസായ 10 ലക്ഷം രൂപ ഒടുക്കി.
എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഡിജിറ്റൽ വയർലെസ് സംവിധാനം ആദ്യം വരിക.ചെലവ് രണ്ട് കോടി.അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നടപ്പാക്കും. 3.5 കോടി ഇതിന് വകയിരുത്തിയിട്ടുണ്ട്.അനുദിനം വർദ്ധിക്കുന്ന ലഹരികടത്ത് ഫലപ്രദമായി തടയാൻ പുതിയ സംവിധാനം ഏറെ സഹായകമാവും.
പൊലീസ് വയർലെസിനെക്കാൾ വ്യക്തതയും കൃത്യതയുമുള്ളതാണ് ഡിജിറ്റൽ വയർലെസ്. മൊബൈൽ ഫോൺ പോലെ ഉപയോഗിക്കാം.രഹസ്യവിവരങ്ങൾ ചോരാതെ ലഹരിമാഫിയയുടെ നീക്കങ്ങൾ കൈമാറാമെന്നതാണ് സവിഷേശത.പൂന ആസ്ഥാനമായുള്ള ശീതൾ വയർലെസ് എന്ന സ്ഥാപനത്തിനാണ് പദ്ധതിയുടെ കരാർ. അടിസ്ഥാന സൗകര്യങ്ങൾ രണ്ട് ജില്ലകളിലും പൂർത്തിയാക്കിയെങ്കിലും കേന്ദ്രലൈസൻസ് കിട്ടിയാലേ പ്രധാനസോഫ്റ്റ് വെയർ സ്ഥാപിക്കാനാവൂ.
പൊതുമേഖലാ സ്ഥാപനമായ സി ഡാക്കിനെയാണ് ആദ്യം ചുമതല ഏൽപ്പിച്ചത്.തിരുവനന്തപുരം സെൻട്രൽ ജയിലിൽ സീ ഡാക്ക് ഈ സംവിധാനം സ്ഥാപിച്ചിരുന്നു.എന്നാൽ എക്സൈസിന് ആവശ്യമായത്ര ദൂരപരിധി ശേഷി ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് കരാർ റദ്ദാക്കിയത്. ജില്ലയുടെ മുഴുവൻ പരിധിയിലും സേവനം കിട്ടുന്നതാണ് പുതിയ സംവിധാനം.
#മികവുകൾ
*ഏതു പ്രദേശത്തു നിന്നും (പ്രത്യേകിച്ച് മലയോര മേഖല)മേധാവികളുമായും തിരിച്ചും ബന്ധപ്പെടാനാവും.
*മഫ്തിയിലും മറ്റുമുള്ള രഹസ്യാന്വേഷണത്തിന് ഉത്തമം.
* നിർത്താതെ പോകുന്ന വാഹനങ്ങളെക്കുറിച്ച് വേഗത്തിൽ വിവരം നൽകാം.
*എല്ലാ ജില്ലകളിലും സ്ഥാപിക്കപ്പെട്ടാൽ ഒരു പ്രധാനകേന്ദ്രത്തിൽ നിന്ന് നിയന്ത്രണം.
#
നോട്ടപ്പുള്ളികളായ ജില്ലകൾ
ലഹരി മാഫിയ ഏറ്റവും ശക്തമായ മേഖലയെന്ന നിലയ്ക്കാണ് ആദ്യഘട്ടത്തിൽ എറണാകുളം ജില്ല പദ്ധതിയിൽ ഉൾപ്പെടുത്തിയത്.കടത്ത് ഏറെ നടക്കുന്ന മീനാക്ഷിപുരം,ഗോവിന്ദപുരം, വാളയാർ തുടങ്ങിയ പ്രധാന അതിർത്തി ചെക്ക്പോസ്റ്രുകൾ ഉൾപ്പെട്ടതാണ് പാലക്കാടിന് പ്രാതിനിധ്യം നൽകിയത്.