custodial-death

തിരുവനന്തപുരം: മോഷണ ശ്രമത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്‌റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശി വിശ്വനാഥൻ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ ഇയാൾ മർദ്ദനത്തിന് ഇരയായെന്ന സംശയമുണ്ട്. തലച്ചോറിലെ രക്ത സാവ്രമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയം: സംഭാവനകൾ വരവ് വയ്‌ക്കാത്തത ഗുരുതര വീഴ്‌ച

പ്രളയ ദുരിതാശ്വാസത്തിനായി എം.പിമാരും എം.എൽ.എ മാരും സംഭാവന ചെയ്ത തുകകൾ സർക്കാർ വരവ് വയ്ക്കാത്തത് ഗുരുതരമായ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംഭാവനയുടെ കണക്ക് സർക്കാരിന്റെ കൈയിലില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്ന രേഖകൾ വ്യക്തമാക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പോലും സംഭാവന കൊടുത്ത എം.എൽ.എ മാരുടെ കൂട്ടത്തിലില്ല.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലാക്കണമെന്ന് പ്രതിപക്ഷം ആദ്യമേ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ യാഥാർത്ഥ്യമായി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എം.എൽ.എ മാരും എം.പിമാരും നൽകിയ തുക പോലും വരവ് വയ്ക്കാൻ കഴിയാത്ത സർക്കാർ മറ്റു രീതിയിൽ വൻതുകകൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.