നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. കെട്ടിടനിർമാണത്തിന് ഒറ്റദിവസംകൊണ്ട് പെർമിറ്റ് നൽകാൻ സംവിധാനമുണ്ടായിട്ടും മാസങ്ങളോളം അപേക്ഷകൾ മാറ്റി വച്ചിരുന്നതായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് സി.ഐ സി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച പരിശോധന നടത്തിയത്. ഒരാഴ്ചകൊണ്ട് പരിശോധന പൂർത്തിയാക്കി നൽകേണ്ട പെർമിറ്റ് നാലും അഞ്ചും മാസം കഴിഞ്ഞാണ് നൽകുന്നത്.
ലൈഫ് പദ്ധതിയിൽ പെട്ടതുൾപ്പെടെ പല ഗുണഭോക്താക്കൾക്കും സമയത്തിന് കെട്ടിട നിർമ്മാണ അനുമതി നൽകിയിരുന്നില്ല. നഗരസഭാ പ്രദേശത്ത് അനധികൃതമായി നടക്കുന്ന കെട്ടിട നിർമ്മാണങ്ങളൊക്കെ അനുവദിച്ചു കൊടുത്തിരുന്നതായും അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ലെന്നും പരാതി ഉണ്ടായിരുന്നു. യാതൊരു കാരണവുമില്ലാതെയാണ് പെർമിറ്റുകൾ നൽകുന്നത് ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നതെന്നാണ് കണ്ടെത്തിയത്. കാരണമില്ലാതെ പെർമിറ്റ് വൈകിപ്പിച്ച ഫയലുകളും അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നുവെന്ന പരാതിയുടെ നിജസ്ഥിതിയും വിജിലൻസ് സംഘം പരിശോധിച്ചു. ഇവയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു നൽകുമെന്നും ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കൃത്യവിലോപത്തിന് നടപടി ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഒരു എൻജിനിയറെ സ്ഥലം മാറ്റിയെങ്കിലും പുതുതായി വന്ന ആളെ ചുമതല ഏല്പിക്കാതെ, സ്ഥലം മാറിപ്പോയ എൻജിനിയറെ ഇവിടേക്ക് സ്വാധീനം ഉപയോഗിച്ച് തിരിച്ചുകൊണ്ടു വന്നിരുന്നതിനെതിരെ കൗൺലർമാർക്കിടയിൽ പരാതി ഉണ്ടായിരുന്നു.