01-1

നെയ്യാറ്റിൻകര: ദിനംപ്രതി കുന്നുകൂടുന്ന പ്ലാസ്ടിക് മാലിന്യങ്ങൾ സംസ്ക്കരിക്കുവാൻ സംസ്കരണപ്ലാന്റ് സ്ഥാരിക്കുമെന്ന സ്ഥാപിക്കുമെന്ന അധികൃതർ വാക്കുനൽകിയിട്ടും ഇതുവരെ നടപടിയെന്നുമായില്ല. ദിവസവും ടൗൺപ്രദേശത്ത് കുന്നുകൂടുന്ന പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങൾ ലോറികളിൽ ശേഖരിച്ച് ആളൊഴിഞ്ഞ ഇടറോടുകളിലും മറ്റും കൂട്ടിയിട്ട് കത്തിക്കുകയാണ്. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം റെയിൽവേ ബ്രിഡ്‌ജിനടുത്തായി ഇത്തരത്തിൽ മാലിന്യം കത്തിച്ചത് നാട്ടുകാർ തടഞ്ഞതോടെ എറെ നേരം സംഘർഷാവസ്ഥയായിരുന്നു. മാലിന്യ സംസ്കരണം താളംതെറ്റിയതോടെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനാൽ പ്രദേശത്തെ വീട്ടുകാർക്ക് ചുമയും മറ്റ് രോഗങ്ങളും സ്ഥരമായി പടർന്നുപിടിക്കുന്നതായും പരാതിയുണ്ട്. ഇതിനെത്തുടർന്നാണ് നാട്ടുകാർ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞത്. നഗരസഭയുടെ 44 വാർഡുകളിലും മിനി ചവർസംസ്കരണ ശാല സ്ഥാപിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അതിനുപകരം എയ്റോബിന്നുകൾ സ്ഥാപിച്ചു. എന്നാൽ മാലിന്യം കൊണ്ട് എയിറോബിന്നുകൾ നിറഞ്ഞു കവിഞ്ഞ് പരിസരവാസികൾക്ക് വിനയായി. എയ്റോബിൻ സംവിധാവും പാളിയതോടെ മാലിന്യം എന്തു ചെയ്യണമെന്നറിയാതെ നഗരസഭ ത്രിശങ്കു സ്വർഗത്തിലായിരിക്കുകയാണ്.

കേന്ദ്രീകൃത ചവർസംസ്കരണ പ്ളാന്റ്

ആറ്റിങ്ങൽ നഗരസഭയെപ്പോലെ കേന്ദ്രീകൃത ചവർ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുവാനായി ക്ളീൻ കേരളമിഷനുമായി ചേർന്ന് 2008 ലെ എൽ.ഡി.എഫ് നഗരസഭാ ഭരണ സമിതി പ്രോജക്ട് തയാറാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷവും നാട്ടുകാരും ഇതിനെതിരെ പ്രതിരോധിച്ചതോടെ പദ്ധതി പൊളിഞ്ഞു. പിന്നീട് വന്ന യു.ഡി.എഫ് ഭരണ സമിതി ആറാലുമ്മൂട്ടിൽ ചവർ സംസ്കരണ പ്ളാന്റ് നിർമ്മിക്കാനായി പദ്ധതി കൊണ്ടു വന്നെങ്കിലും അതും വേണ്ടത്ര വിജയം കണ്ടില്ല. പുതിയ എൽ.ഡി.എഫ് ഭരണസമിത് ആകട്ടെ മാലിന്യ സംസ്കരണത്തിനായി 30 ലക്ഷം രൂപ ഉൾക്കൊള്ളിക്കുകയും എല്ലാ വാർ‌ഡുകളിലും പ്ളാസ്റ്രിക് കളക്ഷൻസെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചതല്ലാതെ കാര്യം ഫലവത്തായില്ല.

ശാസ്ത്രീയമായി നിർമ്മിക്കുന്ന കേന്ദ്രീകൃത ചവർ സംസ്കരണ പ്ലാന്റ് ചുറ്റിലേക്കും മാലിന്യം ഒഴുകിയെത്താതെയും ദുർഗന്ധം പുറത്തേക്ക് വമിക്കാതെയും നിർമ്മിക്കാൻ കഴിയും. എന്നാൽ വിളപ്പിൽശാലയും മറ്റും മാലിന്യ സംസ്കരണകേന്ദ്രങ്ങളുടെയും ദുരവസ്ഥ നിലനിൽക്കെ ഇവിടെ നാട്ടുകാരുടെ എതിർപ്പ് ശക്തമാകുകയാണ്. എല്ലാ കൗൺസിലർമാരും നാട്ടുകാരും യോജിച്ചാൽ കേന്ദ്രീകൃത ചവർ സംസ്കരണ ശാലക്ക് സ്ഥലം കണ്ടെത്തി വിദേശരാജ്യങ്ങളിലേതു പോലെ ചോർച്ചയില്ലാത്ത പ്ളാന്റ് സ്ഥാപിക്കാവുന്നതേയുള്ളു. ഇതിലേക്കായി നഗരസഭയുടെ പുറമ്പോക്ക് സ്ഥലം പ്രയോജനപ്പെടുത്താമെന്നിരിക്കെ അതിനും ഭരണ സമിതി തയാറാകുന്നില്ല.

പ്ളാസ്റ്രിക് നിരോധിച്ചാൽ കാര്യം സുഗമം

നഗരസഭാ പ്രദേശം പ്ളാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചത് കടലാസിലൊതുങ്ങി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും 40 മൈക്രോണിന് താഴെയുള്ള നിരോധിത പ്ളാസ്റ്രിക് കവറുകൾ സുലഭമാണ്. ഇവയാണ് മാലിന്യങ്ങളായി റോഡരുകിൽ കുന്നുകൂടുന്നതും അവസാനം നഗരസഭ വാരിക്കൊണ്ടു പോയി കത്തിക്കുന്നതും. വ്യാപാര സ്ഥാപനങ്ങളിലെ പ്ളാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിച്ചാൽ മാലിന്യം കൃഷിയിടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനാകും.