mullappally-ramachandran

തിരുവനന്തപുരം: ആശങ്കയുടെ മുൾമുനയിൽ ശബരിമല നട നാളെ വീണ്ടും തുറക്കുമ്പോൾ പൂങ്കാവനത്തെ യുദ്ധക്കളമാക്കാൻ സർക്കാർ വഴിയൊരുക്കരുതെന്ന് കെ.പി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ശബരിമല ചരിത്രത്തിലെ കറുത്തനാളുകളിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കണം. രാഷ്ട്രീയ ലക്ഷ്യം വച്ച് യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരും തടയാൻ സംഘപരിവാറും കണ്ണൂരിൽ നിന്ന് പ്രത്യേക പരിശീലനം നൽകി പ്രവർത്തകരെ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും എത്തിക്കുമെന്നുള്ള വിവരങ്ങൾ ആശങ്കാ ജനകമാണ്.പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ ആട്ടിയോടിക്കുന്നത് അംഗീകരിക്കാനാകില്ല. സാമുദായിക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ശബരിമലയിൽ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. സി.പി.ഐയും ജനതാദളും (സെക്കുലർ) വിഷയത്തിൽ മൗനം വെടിയണം. വിഷയത്തിൽ പ്രായോഗികമായ നിലപാടെടുക്കാൻ ഇരുകൂട്ടരും സർക്കാരിൽ സമ്മർദം ചെലുത്തണം.

വർഗീയ ചേരിതിരിവുണ്ടാക്കാൻ ബി.ജെ.പിയും സംഘപരിവാറും പരിശ്രമിക്കുകയാണ്. അമിത്ഷാ കേരളത്തിൽ വന്നതും ഗൂഢലക്ഷ്യത്തോടെയാണ്. ശബരിമലയിൽ നടപ്പാക്കേണ്ട തന്ത്രം അവർ ആവിഷ്കരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പക്വതയോടെ പെരുമാറണം. ശബരിമല വിഷയത്തിൽ സർക്കാർ പരാജയപ്പെടുന്നത് പൊതുസമൂഹം തോല്ക്കുന്നതിന് തുല്യമാണ്. ശബരിമലയിലേക്ക് പോയ മാദ്ധ്യമങ്ങളെ തടഞ്ഞ നടപടി ഫാസിസമാണ്. തെറ്റു ബോദ്ധ്യമായതുകൊണ്ടാണ് അത് തിരുത്തേണ്ടിവന്നത്. ശബരിമലയിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. സംഘപരിവാറുമായുള്ള യാതൊരും കൂട്ടുകെട്ടിനും തയ്യാറല്ലെന്നും ബി.ജെ.പിയിലേക്ക് പോകുന്നത് യഥാർത്ഥ കോൺഗ്രസുകാരല്ലെന്നും വ്യക്തമാക്കി.