തിരുവനന്തപുരം: ഉത്തര മലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ വിരൽത്തുമ്പിലൊതുക്കുന്ന 'സ്‌മൈൽ വെർച്വൽ ടൂർ ഗൈഡ്' ടൂറിസം വകുപ്പ് പുറത്തിറക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് കഥാരൂപേണ പ്രതിപാദിക്കുന്നതും സംശയങ്ങൾ ദൂരീകരിക്കുന്നതും വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണ്. ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കൽ റിസോർട്ട് വികസന കോർപ്പറേഷൻ (ബി.ആർ.ഡി.സി) പദ്ധതി നടപ്പിലാക്കും.നവീന പദ്ധതികളുടെ ഗണത്തിൽ പെടുത്തിയാണ് ബി.ആർ.ഡി.സി പദ്ധതിക്ക് 50 ലക്ഷം രൂപ ചെലവിൽ സർക്കാർ ഭരണാനുമതി നൽകിയത്.
വെറുതേ ഒരു ടൂർ ഗൈഡല്ല
യാത്രാമാർഗങ്ങൾ,ടൂർ പ്ലാനിംഗ്,ഓർമ്മപ്പെടുത്തുന്ന അലാറം നോട്ടിഫിക്കേഷൻ,സുഹൃത്തുക്കളുമായി വിവരവിനിമയം,താമസ സൗകര്യങ്ങൾ,റിസർവേഷൻ,സ്ത്രീകൾക്ക് ഹെൽപ് ലൈൻ,ആംബുലൻസ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങൾക്കും ഗൈഡ് ഉപയോഗിക്കാം.
ടൂറിസം കേന്ദ്രങ്ങളുടെ ചരിത്രം,സംസ്‌കാരം,മറ്റു പ്രത്യേകതകൾ മുതലായവ ഉൾക്കൊള്ളുന്ന ഓഡിയോ,വീഡിയോ വിവരണങ്ങൾ
അതത് ടൂറിസം ആകർഷണങ്ങളുമായി ബന്ധപ്പെട്ടുള്ള താമസ സൗകര്യങ്ങളും മറ്റു സേവനങ്ങളും നൽകുന്ന വ്യവസായ സംരംഭകരുടെ വിവരങ്ങൾ
ജി.പി.എസ് സൗകര്യമുള്ളതുകൊണ്ട് വഴിതെറ്റാതെ വിനോദ കേന്ദ്രത്തിൽ എത്തിച്ചേരാനാകും.
വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലാണെങ്കിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചും അതിനുള്ളിലെ പ്രത്യേക ആകർഷണ കേന്ദ്രത്തിലാണെങ്കിൽ ക്യു.ആർ.കോഡ് സ്‌കാൻ ചെയ്തും, ആഗോള തലത്തിൽ വെബ്‌സൈറ്റിലൂടെയും (www.bekaltourism.com)ഗൈഡ് ഉപയോഗിക്കാം.
പ്രധാന കേന്ദ്രങ്ങൾ
ആമപ്പള്ളം,അറക്കൽ കൊട്ടാരം,ബേക്കൽ കോട്ട,ബ്രണ്ണൻ കോളേജ്,നീലേശ്വരം പാലസ്,മാടായിപ്പാറ,മടിയൻ കൂലം,മൂശാരിക്കൊവ്വൽ,കണ്ണൂർ ഫോർട്ട്,ഓവർബറിസ് ഫോളി,പൊസഡി ഗുംബെ,പുരളിമല,ധർമ്മടം,ശൂലാപ്പ് കാവ്,തേജസ്വിനിപ്പുഴ
ഉത്തര മലബാർ മേഖലയുടെ സമഗ്രമാറ്റത്തിന് നാന്ദിയാകാവുന്ന പല പദ്ധതികളും സർക്കാർ നടപ്പിലാക്കി വരികയാണ്.ഇതിൽ ആദ്യത്തെ പദ്ധതിയാണ് 'വെർച്ച്വൽ ടൂർ ഗൈഡ്'.ഉത്തര മലബാറിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുന്ന പദ്ധതികൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
-മന്ത്രി കടകംപള്ളി സുരേന്ദ്രൻ