നേമം: ഇനിയുള്ള മാസങ്ങൾ കേരളത്തിലെ കർഷകർക്ക് പ്രതീക്ഷയുണർത്തുന്ന കാലമാണെങ്കിലും ഈ മേഖലയിൽ സർക്കാർ സഹായം ലഭിക്കാത്തതിൽ കർഷകർ അശങ്കയിലാണ്. വൃശ്ചികം, ധനു, മകരം മാസങ്ങളിലെ കൃഷിയിൽ പ്രധാനിയാണ് ചതുരപ്പയർ. എന്നാൽ വിപണനത്തിന്റെ കാര്യം വരുമ്പോൾ കർഷകർക്ക് ചെലവായ കാശ് പോലും ലഭിക്കാത്ത അവസ്ഥയാണ്. മേഖലയിൽ കർഷകരുടെ എണ്ണം കുറയാനും ഇത് കാരണമായി. ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണിയിൽ ലഭിക്കുന്ന വിലയുടെ പകുതിയിൽ താഴെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
നേമം, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല എന്നീ മേഖലകളിലെ 200 ഓളം വാർഡുകളിലെ 6500 കർഷകർ അംഗത്വം എടുത്തിട്ടുള്ള സംഘമൈത്രിക്ക് സർക്കാരിന്റെ സഹായമില്ലാതെ മുന്നോട്ടു പോകാനാത്ത അവസ്ഥയാണ്.
കാർഷിക വിളകൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തിയാൽ മാത്രമേ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
4 മാസം മുമ്പ് ജില്ലാ കളക്ടർ വാസുകി സംഘമൈത്രി ഓഫീസ് സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് സംസാരിച്ചു മനസിലാക്കിയെങ്കിലും തുടർനടപടികൾ ഒന്നും തന്നെ കൈക്കൊണ്ടില്ലെന്ന പരാതിയുമുണ്ട്.
പ്രതിസന്ധിയിലായത് 200 ഓളം വാർഡുകളിലെ 6500 കർഷകർ
പ്രധാന പ്രശ്നങ്ങൾ
ഓഖി ദുരന്തത്തിൽ കർഷകർക്ക് നഷ്ടപരിഹാര തുക ഇത്ര നാളായും ലഭിച്ചിട്ടില്ല
ഇൻഷ്വറൻസ് പദ്ധതികൾ ആവിഷ്കരിക്കുന്നതിനുവേണ്ട ശ്രമങ്ങൾ നടക്കുന്നില്ല.
ഹോർട്ടികോർപ് അയൽ സംസ്ഥാനങ്ങളിൽ നിന്നു ഉത്പന്നങ്ങൾ വാങ്ങുന്നത് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാണ്
നിർദ്ദേശങ്ങൾ
അയൽ സംസ്ഥാനങ്ങളിൽ ദിവസക്കൂലി 300 രൂപയുള്ളപ്പോൾ ഇവിടെ 900 ആണ്.
ഇതു കണക്കാക്കി കർഷകർക്ക് നഷ്ടമുണ്ടാവാത്ത തരത്തിൽ സബ്സിഡികൾ നൽകാൻ കൃഷി വകുപ്പ് നടപടികൾ സ്വീകരിക്കണം
കാർഷിക കോളേജ് വിദ്യാർത്ഥികൾക്ക് കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം നൽകി കൃഷി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണം.